നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനു ജയിലില്‍ ഉറക്കം തന്നെ. ശനിയാഴ്ച വൈകുന്നേരം വീണ്ടും ആലുവ സബ് ജയിലിലെത്തിയ ദിലീപ് രാത്രിയും ഇന്നലെ പകലും ഉറക്കമായിരുന്നു. പോലീസ് കസ്റ്റഡിയില്‍ രാവും പകലും നീണ്ട ചോദ്യം ചെയ്യലിന്റെയും തെളിവെടുപ്പിന്റെയും ക്ഷീണത്തിലായിരുന്നു. ദിലീപ് ജയിലില്‍ എത്തുന്നതിനു മുമ്പേ സഹതടവുകാരന് വാങ്ങി സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. ഇന്നലെ രാവിലെ ആറിനു ജയില്‍ ജീവനക്കാര്‍ സെല്ലില്‍ പരിശോധനക്കെത്തിയപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം ഉണര്‍ന്നിരുന്നു. ജീവനക്കാര്‍ പോയ ഉടന്‍ വീണ്ടും കിടന്നു. പിന്നെ ഏഴരയോടെ കുളിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായാണ് ഉറക്കമുണര്‍ന്നത്.
സഹതടവുകാര്‍ കത്തിച്ച നാലു കൊതുകു തിരികളുടെ നടുവിലായിരുന്നു താരത്തിന്റെ ഉറക്കം. എല്ലാ ഞായറാഴ്ചകളിലും രാവിലെ ജയിലില്‍ തടവുകാരെ സിനിമ കാണിക്കാറുണ്ട്. മിക്കവാറും തടവുകാര്‍ ദിലീപിന്റെ തമാശ ചിത്രങ്ങളാണ് ആവശ്യപ്പെടുക. ദിലീപ് നായകനായി അഭിനയിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തടവുകാര്‍ ആവശ്യപ്പെട്ടു. ദിലീപിനോട് എതിര്‍പ്പുള്ള തടവുകാരായിരുന്നു ആവശ്യത്തിനു പിന്നില്‍. എന്നാല്‍ ജയിലധികൃതര്‍ ഈ ആവശ്യം തള്ളി.
ദിലീപിന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നു നേരത്തെ ജയില്‍ ജീവനക്കാര്‍ തീരുമാനിച്ചിരുന്നു. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. ദിലീപിനെയും ഇതേ കേസില്‍ റിമാന്‍ഡിലുള്ള മറ്റു നാലു പേരെയും സിനിമ കാണാന്‍ ജയില്‍ ജീവനക്കാര്‍ അനുവദിച്ചിരുന്നില്ല. പ്രതികള്‍ പരസ്പരം സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. സിനിമ പ്രദര്‍ശനം നടക്കുമ്പോഴും ദിലീപ് മയക്കത്തിലായിരുന്നു. ഉറക്കമുണരുമ്പോള്‍ സഹതടവുകാരുമായും ജയില്‍ ജീവനക്കാരുമായും സംസാരിക്കുന്നതിനും ദിലീപിനു മടിയൊന്നുമുണ്ടായില്ല. താരത്തിനു പ്രത്യേക പരിഗണനയൊന്നും ജയില്‍ അധികൃതര്‍ നല്‍കുന്നില്ല.