കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതി, നടൻ ദിലീപ് 85 ദിവസത്തിനു ശേഷം ജയിലിനു പുറത്തിറങ്ങി. ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് റിമാൻഡിലായിരുന്ന താരം ആരവങ്ങളിലേക്ക് വീണ്ടുമെത്തുന്നത്. ജനപ്രിയ നടൻ ജയിലിനു പുറത്തെത്താൻ കാത്തുനിന്ന നൂറുകണക്കിന് ആരാധകർക്കു മുന്നിലേക്ക് വെള്ള ഷർട്ടും മുണ്ടും അണിഞ്ഞ് താരമെത്തി.
ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് തൊഴുകൈകളോടെ ദിലീപ് ജയിൽ ഗേറ്റിനു പുറത്തേക്ക്. തയാറാക്കി നിർത്തിയിരുന്ന കാറിനുള്ളിലേക്ക് കയറുമുമ്പ് അദ്ദേഹം ആരാധകർക്കു നേരെ കൈവീശുകയും കൈകൂപ്പി അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. പിന്നീട് കാറിൽ കയറി പറവൂർക്കവലയിലെ വീട്ടിലേക്ക്.
നൂറുകണക്കിന് ആരാധകരും നാട്ടുകാരും ആലുവ സബ് ജയിലിനുമുന്നിൽ തടിച്ചുകൂടിയിരുന്നു. ദിലീപ് പുറത്തെത്തിയതോടെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. ദീലിപിനോട് പ്രതികരണം ആരായാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ കൂട്ടാക്കിയില്ല. മാധ്യമങ്ങൾക്കു മുഖംകൊടുക്കാൻപോലും താരം തയാറായില്ല.
വീട്ടിലെത്തിയ ദിലീപിനെ ഭാര്യ കാവ്യയും മകൾ മീനാക്ഷിയും അടുത്ത ബന്ധുക്കളും സിനിമാ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വീട്ടിലുണ്ടായിരുന്നു. എല്ലാവരോടും ഹൃസ്വകുശാലാന്വേണങ്ങൾക്കു ശേഷമാണ് വീടിനുള്ളിലേക്ക് താരം പ്രവേശിച്ചത്.
ഉപാധികളോടെയാണ് താരത്തിന് ജാമ്യം നൽകിയിരിക്കുന്നത്. പാസ്പോർട്ട് ഏഴ് ദിവസത്തിനകം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം വേണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെടുന്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്നത്.