കൊച്ചി : യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ അനര്‍ഹമായ പരിഗണന നല്‍കിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ പീച്ചി സ്വദേശിനി മനീഷ എം. ചാത്തേലി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി. റിമാന്‍ഡ് തടവുകാര്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ മാത്രമാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. എന്നാല്‍ ദിലീപിന് ഓണം അവധി ദിനങ്ങളില്‍പോലും സന്ദര്‍ശകരെ അനുവദിച്ചെന്നും ഇതിനായി സബ് ജയില്‍ സൂപ്രണ്ട് ബാബുരാജും മറ്റ് ഉദ്യോഗസ്ഥരും വഴിവിട്ട് പ്രവര്‍ത്തിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടായിരുന്ന കാവ്യാ മാധവന്‍, നാദിര്‍ഷ എന്നിവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരുന്നു. ഈ സമയം ജയിലിലെ സിസി ടിവി കാമറ പ്രവര്‍ത്തിച്ചിരുന്നില്ല. ഇരുവരും ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണോ ദിലീപിനെ കണ്ടതെന്ന് അന്വേഷിക്കണം. സെപ്റ്റംബര്‍ അഞ്ചിന് ജയിലിലെത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ ഒന്നര മണിക്കൂര്‍ ദിലീപിനൊപ്പം ചെലവിട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ദിലീപ്, ഡിജിപി, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി, ജയില്‍ ഡിജിപി, ആലുവ സബ് ജയില്‍ സൂപ്രണ്ട് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ദിലീപിനെ കക്ഷിയാക്കിയിരുന്നില്ല. തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചിരുന്നു. പിന്നീടാണ് പുതിയ ഹര്‍ജി നല്‍കിയത്.