കൊച്ചി: വെയിൽ തെളിഞ്ഞു നിന്നിരുന്ന ആകാശം ചെറുതായൊന്നു കനത്തു. മഴത്തുള്ളികൾ പൊഴിഞ്ഞു. അന്തരീക്ഷത്തിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾക്കിടയിലും ജയിൽ മോചിതനായിറങ്ങിയ നടൻ ദിലീപിന് ആരാധകസംഘം ഒരുക്കിയത് ആവേശസ്വീകരണം.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ 85 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു ജാമ്യം ലഭിച്ചെന്നറിഞ്ഞതോടെ ആലുവ സബ് ജയിൽ പരിസരത്തേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും താരത്തിന് എപ്പോൾ പുറത്തിറങ്ങാനാകുമെന്ന് ഉറപ്പില്ലായിരുന്നു. എന്നിട്ടും ജയിലിന്റെ എതിർവശത്തുള്ള മതിലിന്റെ മുകളിലും റോഡിലുമായി ആരാധകർ ആർപ്പുവിളിയോടെ അക്ഷമരായി കാത്തിരുന്നു. മാധ്യമപ്രവർത്തകർ കൂടി എത്തിയതോടെ രംഗം കൂടുതൽ സജീവമായി.
കഴിഞ്ഞ ആഴ്ച റിലീസായ ദിലീപ് ചിത്രം രാമലീലയുടെ ചിത്രങ്ങൾ പതിച്ച ഫ്ളെക്സുകളും മറ്റുമായി കൂടുതൽ ആരാധകർ പിന്നേയും എത്തിക്കൊണ്ടേയിരുന്നു.
ദിലീപേട്ടൻ കീ ജയ് മുദ്രാവാക്യങ്ങൾ ഉയർന്നു. ജാമ്യം ലഭിച്ചെന്നുള്ള ഹൈക്കോടതി വിധി വന്നശേഷം പുറത്തിറങ്ങുന്നതു വരെയുള്ള മൂന്നു മണിക്കൂറുകൾ ജയിലിനു മുന്നിൽ ആഘോഷം തുടർന്നു. ഇതിനിടെ നടൻ ധർമജൻ ബോൾഗാട്ടി ജയിലിനു മുന്നിലെത്തി. ആരാധകർക്കു നടുവിൽ ധർമജൻ വികാരവിവശനായി പൊട്ടിക്കരഞ്ഞു.
ഇതിനിടെ ദിലീപിന്റെ അറസ്റ്റിനുശേഷം രൂക്ഷമായ പ്രതികരണം നടത്തിയ നടൻ പൃഥ്വിരാജിനെതിരേ മുദ്രാവാക്യങ്ങളുയർന്നു. കാത്തിരിപ്പിനൊടുവിൽ 5.10ഓടെ അങ്കമാലി കോടതിയിൽനിന്നു ജാമ്യ ഉത്തരവിന്റെ പകർപ്പുമായി ദിലീപിന്റെ അഭിഭാഷകൻ ജയിലിലെത്തി. ദിലീപിന്റെ സഹോദരൻ അനൂപും എത്തിയതോടെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് രംഗത്തിറങ്ങി.
ദിലീപിനെ കൊണ്ടുപോകാനുള്ള കാർ എത്തിയതോടെ അതിന്റെ ചുറ്റുമായി ആരാധകർ തിങ്ങിക്കൂടി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 5.20ഓടെ പോലീസ് കാവലിൽ ദിലീപ് ജയിലിനു പുറത്തേക്കെത്തി. പടക്കം പൊട്ടിച്ചും പൂക്കൾ വാരിവിതറിയും താരത്തിന് ഒരു സിനിമാറ്റിക് വരവേൽപ് ആരാധകർ നൽകി.
കൈ കൂപ്പിയും വീശിയും പുറത്തിറങ്ങിയതിന്റെ ആവേശം ദിലീപും ആരാധകരോട് പങ്കുവച്ചു. താരം കയറിയ കാർ നീങ്ങിയതോടെ ജനക്കൂട്ടവും ഒപ്പം നീങ്ങി. വഴിയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും മുകളിലൂടെ അവർ ദിലീപ് കയറിയ കാറിനൊപ്പം നീങ്ങാനുള്ള ശ്രമങ്ങളും നടത്തി. ആലുവ മണപ്പുറത്തിനു സമീപമുള്ള സ്വന്തം വീട്ടിലേക്കാണു ദിലീപ് എത്തുന്നതെന്നു വിചാരിച്ച് അവിടെ ആരാധകരെത്തിയെങ്കിലും നിരാശരായി മടങ്ങി. സഹോദരന്റെ പറവൂർ കവലയിലുള്ള വീട്ടിലേക്കാണു ദിലീപ് പോയത്.