കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസിൽ നടൻ ദിലീപ് ജയിലിലായിട്ട് ഇന്ന് 85 ദിവസം തികയുന്നു. ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് അഞ്ചാമതും സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി വിധി കാത്തിരിക്കുകയാണ്.
കേസിൽ ജസ്റ്റിസ് സുനിൽ തോമസിൻറെ ബെഞ്ച് വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീർഘമായ വാദങ്ങൾ കേട്ടിരുന്നു. കഴിഞ്ഞ മാസം 19നാണ് നടൻ ജാമ്യം തേടി മൂന്നാമതും ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് രണ്ടു ദിവസമായി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദംകേട്ട കോടതി ഹർജിയിൽ വിധിപറയാൻ മാറ്റുകയായിരുന്നു. ജാമ്യഹർജിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.45 ഓടെ വിധിയുണ്ടാകുമെന്നാണു വിവരം. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പ്രതിഭാഗം വാദത്തെ എതിർക്കാൻ ദിലീപിനെതിരെ കൂടുതൽ തെളിവുകളാണു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയാണ് ദിലീപ് പൾസർ സുനിക്കു വാഗ്ദാനം ചെയ്തതെന്നും പിടിക്കപ്പെട്ടാൽ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. ഇനിയും നാലുപേരുടെകൂടി രഹസ്യമൊഴി എടുക്കാനുണ്ടെന്നും ജയിലിൽ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിനിടെ കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം ഈയാഴ്ചതന്നെ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് കേസിൽ ദിലീപിൻറെ ജാമ്യം തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് പ്രോസിക്യൂഷൻ ദിലീപിൻറെ ജാമ്യഹർജിയെ എതിർക്കുന്നത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂർത്തിയാകും. അതിനു മുന്പേ കുറ്റപത്രം നൽകും.
കേസിൽ പ്രധാന പ്രതിയായ പൾസർ സുനി ഒന്നാം പ്രതിയായും ദിലീപ് രണ്ടാം പ്രതിയായുമുള്ള കുറ്റപത്രമാണ് ഒരുങ്ങുന്നത്. കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണെന്നാണു അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതേസമയം, കേസിൽ നിർണായകതെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പ്രോസിക്യൂഷൻതന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് കുറ്റപത്രം സമർപ്പിച്ചാലും ഇവ കണ്ടെത്തുന്നതിനുള്ള അന്വേഷണം സംഘം തുടരും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതികളെ സമീപിക്കുന്നത്.
നേരത്തെ രണ്ടു തവണ വീതം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതിനിടെ ദിലീപിൻറെ സുഹൃത്തും നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് പി. ഉബൈദാണ് നാദിർഷയുടെ ജാമ്യഹർജിയിൽ വിധി പറയുക. നേരത്തെ രണ്ടു തവണ നാദിർഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തോട് നാദിർഷ സഹകരിക്കുന്നില്ലെന്നാണു സംഘം വ്യക്തമാക്കുന്നത്.