കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപ് സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷ കോടതിയിൽ പോലീസ് പൂർണമായും എതിർക്കും. ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ തെളിവു കണ്ടെത്താനുണ്ടെന്നും ദിലീപ് പുറത്തെത്തിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രദീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രദീഷ് ചാക്കോയെ പ്രതി ചേർക്കാൻ പോലീസ് നീക്കം തുടങ്ങിയതിനെ തുടർന്ന് പ്രദീഷ് ചാക്കോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.