കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിൽ അന്വേഷണ സംഘം തിരക്കിട്ട ചർച്ചയിൽ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വ്യക്തമായ തെളിവുകളില്ലാതെ കോടതിയെ സമീപിച്ചാൽ അതു കേസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടികൾ വൈകിപ്പിക്കുന്നതെന്നാണു സൂചന. കേസിൽ മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജിയിൽ വാദം നടക്കവേ കേസിലെ സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ചു മൊഴി മാറ്റിക്കുന്നതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്നു ഹൈക്കോടതിയും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു താരത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണസംഘം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്പേ സാക്ഷികളിൽ ചിലർ മൊഴിമാറ്റിയത് ഇതിന് ആധാരമായി സംഘം ചൂണ്ടിക്കാട്ടുന്നു. വിചാരണയ്ക്കിടെ കൂടുതൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുമെന്നും അന്വേഷണ സംഘം ഭയക്കുന്നു.
അതേസമയം, കേസിന്റെ വിചാരണ നടപടികൾക്കു പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിലും സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച അപേക്ഷ സർക്കാരിന് സമർപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അതിനിടെ, അന്വേഷണസംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്നും തുടരും. കുറ്റപത്രം സ്വീകരിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകളാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്നത്. നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ എല്ലാവിധ രേഖകളും അടങ്ങിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു പരിശോധിക്കുന്നത്.
കുറ്റപത്രം സ്വീകരിച്ചുകഴിഞ്ഞാൽ എത്രയും വേഗം വിചാരണ തുടങ്ങാനും പ്രതികൾക്കു കുറ്റപത്രം നൽകാനുമുള്ള നടപടി കോടതി സ്വീകരിക്കും. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടി വിചാരണ കോടതിയിലാകും നടക്കുക. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളതിനാൽ എറണാകുളം സെഷൻസ് കോടതിയിലാകും വിചാരണ നടക്കാൻ സാധ്യത.