കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും അഞ്ച് കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയാണ് കോടതി മുന്നോട്ടുവച്ചത്.
ഏതെങ്കിലും സാഹചര്യത്തിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് അപേക്ഷയുമായി എത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം.
അന്വേഷണവുമായി ദിലീപ് അടക്കമുള്ള പ്രതികൾ സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോണ് പരിശോധനയ്ക്ക് നൽകിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.
മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരായെന്നും കോടതി നിർദ്ദേശം മാനിച്ച് ഫോണുകൾ കൈമാറിയെന്നും ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം.