മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായി പിന്നീട് നിരവധി ചിത്രങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. അടുത്ത നാളുകളില്‍ ജയചന്ദ്രന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ച് സംസാരിച്ചു എന്നതിനാണ്. അന്ന് ജയചന്ദ്രന്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നിരുന്നു. വ്യക്തിപരമായി ലഭിച്ചിട്ടുള്ള ഉപകാരങ്ങളെയോര്‍ത്ത് ഒരാളുടെ തെറ്റുകള്‍ മനപൂര്‍വം മറക്കരുതെന്ന് പലരും അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ദിലീപിനൊപ്പം എന്ന തന്റെ നിലപാടിന് ഇതുവരെയും തെല്ലിട മാറ്റം വന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയചന്ദ്രന്‍ വീണ്ടും. സംവിധാന രംഗത്തേയ്ക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
‘ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമാ നടനാണ് ഞാന്‍. അതിനു ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും ദിലീപ് എനിക്ക് ഏങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്.
ആ മനുഷ്യനെകുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിന്റെ പേരില്‍ ഞാന്‍ നേരിട്ട മാനസിക പീഡനം വളരെ വലുതായിരുന്നു.
അദ്ദേഹം വിളിച്ചതിനാല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്റെ നന്ദി ആ സമയത്ത് കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ദീലിപില്‍ നിന്ന് എന്നേക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്. കടന്നു വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ’- ജയചന്ദ്രന്‍ പറയുന്നു