കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് കൊച്ചിയിലെ വിചാരണക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. എട്ടാം പ്രതിയായി ചേർക്കപ്പെട്ട ദിലീപിനു വേണ്ടി അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഹർജിയിലെ വിവരങ്ങൾ പുറത്തുവിടരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ വിചാരണാ നടപടികളുടെ ഭാഗമായാണ് ദിലീപ് വിടുതൽ ഹർജി നല്‍കിയത്. നിലവിലെ കുറ്റങ്ങൾ തനിക്കെതിരേ നില്‍ക്കില്ലെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, കേസുമായി ബന്ധപ്പെട്ട പ്രധാന ഡിജിറ്റൽ തെളിവുകൾ ദിലീപ് പരിശോധിച്ചിരുന്നു.
കേസിൽ വിചാരണയുടെ ഭാഗമായ പ്രാരംഭ നടപടികളാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അടച്ചിട്ട കോടതിമുറിയിലാണ് കേസ് പരിഗണിച്ചത്.