ന്യൂഡൽഹി: പൊതു മുതൽ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പട്ടിയെപ്പോലെ വെടിവച്ചെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ഒരു ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.
അവർ നശിപ്പിക്കുന്ന പൊതുമുതൽ ആരുടെയാണെന്നാണ് അവർ കരുതുന്നത്. അവരുടെ തന്തയുടെ വകയാണോ?. പൊതുമുതൽ നികുതിദായകരുടെയാണ്. നിങ്ങൾ ഇവിടെവന്ന്, ഞങ്ങളുടെ ഭക്ഷണം കഴിച്ച്, ഇവിടെ താമസിച്ച്, ഞങ്ങളുടെ പൊതുമുതൽ നശിപ്പിക്കുന്നു. ഇതാണോ നിങ്ങളുടെ രീതി. ഞങ്ങൾ നിങ്ങളെ ലാത്തിക്ക് അടിക്കും. വെടിവയ്ക്കും, ജയിലിൽ തള്ളും- ദിലീപ് ഘോഷ് പറഞ്ഞു.
മമതയുടെ സർക്കാർ പ്രക്ഷോഭകർക്കെതിരേ നടപടിയെടുത്തില്ല. കാരണം അത് അവരുടെ വോട്ടർമാരാണ്. എന്നാൽ ഉത്തർപ്രദേശ്, ആസാം, കർണാടക എന്നിവിടങ്ങളിലെ ബിജെപി സർക്കാരുകൾ പ്രക്ഷോഭകരെ പട്ടിയെപ്പോലെ വെടിവച്ചു. ഇതാണു ശരിയായ കാര്യമെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ബംഗാളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കു നേരെ മുഖ്യമന്ത്രി മമത ബാനർജി വെടിവയ്ക്കാനും ലാത്തിച്ചാർജ് നടത്താനും അനുമതി നൽകാത്തതിനെ വിമർശിച്ചായിരുന്നു ദിലീപ് ഘോഷിന്റെ പ്രസംഗം.