കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് മൂന്നു ചോദ്യങ്ങൾക്ക് കൂടി മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി നൽകി.
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ചോദ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിന് കൈമാറാനും പ്രത്യേക കോടതി ഉത്തരവിട്ടു.
അതേസമയം ദിലീപിന്റെ ഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.
കേസിൽ സാക്ഷിയായ കുഞ്ചാക്കോ ബോബനോട് മാർച്ച് നാലിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയിൽ എത്താൻ നേരത്തേ സമൻസ് അയിച്ചിരുന്നു.
എന്നാൽ ഹാജരാകാത്തതിതിനെ തുടർന്ന് കുഞ്ചാക്കോ ബോബനെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലിൽ ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബൻ കോടതിയെ അറിയിച്ചിരുന്നു.
മറ്റു സാക്ഷികളായ ഗീതു മോഹൻദാസും സംയുക്ത വർമയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. എന്നാൽ സംയുക്തയുടെ വിസ്താരം ഒഴിവാക്കിയിരുന്നു.
ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങൾ ചോദിക്കേണ്ടിയിരുന്നതിനാലാണ് സംയുക്തയുടെ വിസ്താരം ഒഴിവാക്കിയത്.