ലിജിൻ കെ.ഈപ്പൻ
കോട്ടയം: ആറു പതിറ്റാണ്ടിന്റെ അഭിനയ ജീവിതം. 62 സിനിമകൾ മാത്രം. എന്നിട്ടും ഇന്ത്യൻ സിനിമയുടെ ഇതിഹാസമെന്ന വിശേഷണം ദിലീപ് കുമാറിനു നൽകിയതിനു പിന്നിൽ ഒരു കാലഘട്ടത്തിന്റെ ചരിത്രമുണ്ട്.
ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ, വിഷാദ നായകൻ എന്നിങ്ങനെ പല വിളിപ്പേരും അക്കാലത്തു ആരാധകരും സിനിമാ ലോകവും ദിലീപ് കുമാറിനു നൽകി.
വെള്ളിത്തിരയിലേക്ക്
മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ താരപ്രതിഭയായ ദിലീപ് കുമാറായതിനു പിന്നിൽ ഇതിഹാസതുല്യമായ ഒരു ജീവിതമുണ്ട്.
1922 ഡിസംബർ 11 ന് പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസിലാണ് ബോംബെ നഗരത്തിലെത്തുന്നത്.
1940 കാലഘട്ടങ്ങളിൽ പൂനെ മിലിട്ടറി ക്യാന്പിൽ ക്യാന്റീൻ നടത്തുന്ന സമയത്ത് മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്.
1944 ൽ ദേവികാ റാണി നിർമിച്ച ജ്വാർ ഭാത എന്ന ചിത്രത്തിലൂടെ നായകനാക്കി യൂസഫിനെ സിനിമാ ലോകത്തിനു പരിചിതനാക്കി. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നാലെയെത്തിയ ജുഗുനു യൂസഫിന്റെ മേൽവിലാസം ബോളിവുഡിൽ കുറിച്ചിട്ടു.
പിന്നീട് ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരണ് വർമയാണ് ദിലീപ് കുമാർ എന്ന പേരു നൽകുന്നത്. ദീദാർ, അമർ തുടങ്ങിയ ചിത്രങ്ങളുടെ പിന്നാലെ 1955 ൽ ബിമൽ റോയിയുടെ സംവിധാനത്തിലെത്തിയ ദേവദാസ് എന്ന ചിത്രം വിഷാദനായകൻ എന്ന പട്ടം ദിലീപ് കുമാറിനു ചാർത്തിക്കൊടുത്തു.
ഒരു ശൈലിയിൽ മാത്രമൊതുങ്ങാതെ ആസാദ്, ഗംഗാജമുന, രാം ഒൗർ ശ്യാം, കോഹിന്നൂർ തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യനടനായും തിളങ്ങി.
പുരസ്കാര നേട്ടങ്ങളുടെ ഗിന്നസ് റിക്കാർഡ്
ഒരുകാലത്തു ദിലീപ് കുമാർ, രാജ് കപൂർ, ദേവാനന്ദ് എന്നീ ത്രീമൂർത്തികളിൽ കേന്ദ്രീകൃതമായിരുന്നു ബോളിവുഡ് ലോകം. ഗംഗാജമുന എന്ന ചിത്രത്തിലൂടെ നിർമാതാവായും കലിംഗ എന്ന ചിത്രത്തിലൂടെ സംവിധായകനായും ദിലീപ് കുമാർ മാറി.
1976 മുതൽ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാർ 1981 ൽ വീണ്ടും വെള്ളിത്തിരയിലേക്കെത്തി. 1998 ൽ ഇരട്ട വേഷത്തിൽ അഭിനയിച്ച ക്വിലയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
പുരസ്കാര നേട്ടങ്ങളിലൂടെ ഗിന്നസ് ബുക്കിലേക്കും അദ്ദേഹം ഇടം നേടി. ആദ്യ ഫിലിം ഫെയർ പുരസ്കാരം സ്വന്തമാക്കിയ ദിലീപ് കുമാർ എട്ടു തവണയാണ് മികച്ച നടനായി ഫിലിംഫെയറിൽ താരമായത്. രാജ്യത്തെ പരമോന്നതബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി.
1980ൽ മുംബൈ ഷെരീഫായി നിയമിതനായ അദ്ദേഹത്തിനു 1991 ൽ പത്മഭൂഷൻ നൽകി. 1994 ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും 1997ൽ ആന്ധ്ര സർക്കാരിന്റെ എൻടിആർ ദേശീയ പുരസ്കാരവും 2015 ൽ പത്മവിഭൂഷനും അദ്ദേഹത്തിനോടുള്ള രാജ്യത്തിന്റെ ആദര സൂചകങ്ങളായിരുന്നു.
1998ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാനും ദിലീപ് കുമാറിനെ ആദരിച്ചു.
2014 ൽ പെഷവാറിലെ അദ്ദേഹത്തിന്റെ ജ·ഗൃഹം ദേശീയ പൈതൃക മന്ദിരമായി പാക്കിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ തിരക്കിൽ നിന്നും മനപ്പൂർവമായി ഒഴിഞ്ഞ് 2000 മുതൽ 2006 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു.
നിരവധി ചിത്രങ്ങളിൽ ഒപ്പമഭിനയിച്ചതും തന്നെക്കാൾ 22 വയസിനിളപ്പമുള്ള സൈറാ ബാനുവിനെ 1966 ൽ ജീവിതസഖിയാക്കി. സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥ.