കോട്ടയം: കഞ്ചാവുമായി സിനിമ തിരക്കഥാകൃത്തിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. അമ്മഞ്ചേരി സ്വദേശി ഇല്ലിക്കൽ ദിലീപ് കുര്യനാണു അറസ്റ്റിലായത്. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് ഇയാൾ. പുതിയ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടു നഗരമധ്യത്തിലെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു ഇയാൾ.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇയാൾക്കൊപ്പം പുതിയ സിനിമയുടെ അണിയറ പ്രവർത്തകരും ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ചു വെസ്റ്റ് പോലീസ് എത്തി പരിശോധന നടത്തി. ഇയാളുടെ മുറിയിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.