കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം നാളെ നൽകിയേക്കുമെന്നു സൂചന. അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണു കുറ്റപത്രം നൽകുക. എന്നാൽ, കുറ്റപത്രം നൽകുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഗൂഢാലോചനക്കേസിൽ ദിലീപിനെയും പൾസർ സുനിയെയുമാണു പ്രതി ചേർത്തിട്ടുള്ളത്. കുറ്റപത്രത്തിൽ മുന്നൂറിലേറെ സാക്ഷിമൊഴികളും 450 രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, വിദേശത്തേക്കു പോകാൻ പാസ്പോർട്ട് തിരിച്ചുനല്കണമെന്നാവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും.
‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനു ദുബായിയിൽ പോകാനാണു ദിലീപ് പാസ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മജിസ്ട്രേട്ട് കോടതിയിലാണു ദിലീപിന്റെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചിട്ടുള്ളത്.