കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നു. ഗൂഢാലോചന കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തുല്യമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. യോഗത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറും പങ്കെടുക്കും.
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നും കൃത്യം ചെയ്തവർക്ക് നടിയോട് വൈരാഗ്യമില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. നിലവിൽ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാർ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും.
കേസിൽ 26 പേരുടെ രഹസ്യമൊഴികൾ ഉൾപ്പെടെയുള്ളവ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലായ ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽഫോണ്‍ മാത്രമാണ് കണ്ടെടുക്കാനുള്ളത്. ഇത് കണ്ടെത്താൻ സാധിച്ചില്ലെന്നും തുടർന്നും ഇതിനായുള്ള അന്വേഷണം നടക്കുമെന്നും അറിയിച്ചാകും അന്വേഷണംഘം കുറ്റപത്രം സമർപ്പിക്കുക.
അതേസമയം ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച തന്നെ സമർപ്പിക്കുമെന്നാണ് സൂചന. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാവും പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ എല്ലാം പഴുതുകളും അടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയാറാക്കുന്നത്.