കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഈ ആഴ്ച പൂർത്തിയാകും. ഇതിനു ശേഷം അടുത്ത ദിവസം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
കേസിൽ ദിലീപിന്റെ പങ്കു തെളിയിക്കുന്ന എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി പഴുതടച്ചുള്ള കുറ്റപത്രം നൽകാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്. എല്ലാ തെളിവുകളും പരിശോധിച്ച ശാസ്ത്രീയ തെളിവുകൾ, മൊഴികൾ, മറ്റു രേഖകൾ എന്നിവ പ്രത്യേകമായി നൽകാനാണു തീരുമാനം. ഇതിനായി പ്രത്യേക സംഘത്തെ ചുമതപ്പെടുത്തിയിട്ടുണ്ട്.
കൂട്ടമാനഭംഗം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങൾ ദിലീപിനെതിരേ ചുമത്തിയാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നതാണു വിവരം. എന്നാൽ, മുൻപു പറഞ്ഞ പോലെ താരത്തെ രണ്ടാം പ്രതിയാക്കിയുള്ള കുറ്റപത്രമാണോ കോടതിയിൽ സമർപ്പിക്കുക എന്ന ചോദ്യത്തിനു സ്ഥിരീകരണം നൽകാൻ അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തയാറായില്ല.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ തെളിവായ മൊബൈൽ ഫോണ് കണ്ടെത്താൻ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല. ഇതു കുറ്റപത്രത്തിന്റെ കരുത്തു ചോർത്തുമെന്നുള്ള സംശയം ചില ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ, ഇനിയും വൈകിയാൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ മുന്നിൽ കണ്ടു കുറ്റപത്രം സമർപ്പിക്കാനാണു തീരുമാനം. ഫോണിനായുള്ള അന്വേഷണം തുടരുമെന്നും കോടതിയെ അറിയിക്കും.
ദിലീപിന്റെ ജാമ്യഹർജി പരിഗണിച്ചപ്പോൾ കോടതിയിൽ പ്രോസിക്യൂഷൻ അവതരിപ്പിച്ചതിൽ കൂടുതൽ തെളിവുകൾ കുറ്റപത്രത്തിലുണ്ടാകും. ഇതുവരെ ലഭ്യമാകാത്ത ഫോണുകളുടെയും മറ്റും ശാസ്ത്രീയ തെളിവുകളുടെ വിശദാംശങ്ങളും പോലീസിനു ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇതോടെ താരത്തിനെതിരേ വ്യക്തമായ ശാസ്ത്രീയ തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.