തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ദിലീപ്. ഇക്കാര്യം അറിയിച്ച് ദിലീപ് സംഘടനാ നേതൃത്വത്തിന് കത്ത് നൽകി. ജാമ്യത്തിലിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് തീയറ്റർ ഉടമകൾ യോഗം ചേർന്ന് പ്രസിഡന്റ് സ്ഥാനം വീണ്ടും ദിലീപിന് നൽകാൻ തീരുമാനിച്ചത്. ഇക്കാര്യം ബുധനാഴ്ച തന്നെ ദിലീപിനെ അറിയിച്ചെങ്കിലും ഒരു ചിരി മാത്രമായിരുന്നു മറുപടി.
ഇന്നാണ് ഫിയോക് ഭാരവാഹികൾക്ക് ദിലീപ് തന്റെ നിലപാട് അറിയിച്ച് കത്ത് നൽകിയത്. നിലവിലെ സാഹചര്യത്തിൽ താൻ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ല. തന്റെ എല്ലാം പിന്തുണയും സംഘടനയ്ക്ക് ഒപ്പമുണ്ടെന്നും എന്നാൽ ഭാരവാഹിത്വം വേണ്ടെന്നും തന്നെ വീണ്ടും പരിഗണിച്ചതിൽ നന്ദിയും അറിയിച്ചാണ് ദിലീപ് കത്ത് നൽകിയത്.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് കേരളത്തിലെ തീയറ്ററുകളിൽ റിലീസ് അനിശ്ചിതത്വത്തിലായതോടെയാണ് ദിലീപിന്റെ നേതൃത്വത്തിൽ തീയറ്റർ ഉടമകളുടെ പുതിയ സംഘടന രൂപംകൊണ്ടത്. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലായിരുന്ന സംഘടന പിളർന്നാണ് ഫിയോക് രൂപം പ്രാപിച്ചത്. പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സ്ഥാപക പ്രസിഡന്റായ ദിലീപിനെതിരേ ആരോപണവും തുടർന്ന് അറസ്റ്റും നടന്നു. ഇതോടെ വൈസ് പ്രസിഡന്റായ ആന്റണി പെരുന്പാവൂരിന് പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു.