കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ അനുബന്ധ കുറ്റപത്രത്തിന് ബലമേകുക ദിലീപിന്റെ സ്വഭാവം വ്യക്തമാക്കി മുൻഭാര്യയും നടിയുമായ മഞ്ജു നൽകിയിട്ടുള്ള മൊഴി. ദിലീപിന് സംശയമാണെന്നും തങ്ങളുടെ കുടുംബ ജീവിതം തകരാൻ കാരണം ഇത്തരത്തിലുള്ള സംശയങ്ങളാണെന്നും മൊഴി നൽകിയ മഞ്ജു പക്ഷെ ദിലീപ് കുറ്റകൃത്യം നടത്തിയോയെന്നു അറിയില്ലെന്നാണു പറഞ്ഞിട്ടുള്ളതെന്നാണ് സൂചന. വർഷങ്ങളോളം ഒപ്പം ജീവിച്ചയാളെന്ന നിലയിൽ ദിലീപിന്റെ സ്വഭാവം അടക്കമുള്ള കാര്യങ്ങളിൽ മഞ്ജു നൽകിയ മൊഴിയ്ക്ക് വിചാരണ വേളയിൽ കോടതി പ്രാധാന്യം നൽകും.
ആക്രമണത്തിന് ഇരയായ നടിയും മഞ്ജുവും ഉറ്റ സുഹൃത്തുക്കളാണെന്നുള്ളതും കോടതി പരിഗണിക്കും. നടിക്കെതിരായ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ആദ്യം പ്രതികരിച്ചത് മഞ്ജു വാര്യരായിരുന്നു. നടി ആക്രമിക്കപ്പെട്ടിനു ശേഷം അഭിനേതാക്കളുടെ സംഘടനയായ അമ്മ എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ക്രമിനൽ ഗൂഢാലോചനയെന്നാണു മഞ്ജു വാര്യർ പറഞ്ഞത്. ക്വട്ടേഷൻ ആണെന്നു പോലീസ് പോലും വിചാരിക്കാത്ത ഘട്ടത്തിലായിരുന്നു മഞ്ജുവിന്റെ പ്രസ്താവന വന്നത്. ഇതോടെയാണ് ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം പോലീസ് ത്വരിതപ്പെടുത്തിയതും.
അതേസമയം, വിചാരണ വേളയിൽ പ്രോസിക്യൂഷന് കരുത്തേകുന്ന മറ്റൊരു കാര്യം രഹസ്യമൊഴികളാകും. ആകെ 355 സാക്ഷികളുള്ള കുറ്റപത്രത്തിൽ സിനിമാമേഖലയിൽനിന്നുമാത്രം അൻപതോളം പേരുണ്ടെന്നാണു വിവരം. ഇരുപതിലധികം പേരുടെ രഹസ്യമൊഴികളും ഉൾപ്പെടുന്നു.
ശാസ്ത്രീയ തെളിവുകൾക്കൊപ്പം രഹസ്യമൊഴികൾകൂടി ചേരുന്നതോടെ പ്രതികൾക്കു രക്ഷപ്പെടാൻ സാധിക്കില്ലെന്ന് അന്വേഷണസംഘം കരുതുന്നത്. കേസുകളുടെ വിചാരണവേളയിൽ സാക്ഷികൾ പലപ്പോഴും മൊഴികൾ മാറ്റാറുണ്ട്. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴികൾ മാറ്റുക എളുപ്പമല്ല.
കുറ്റപത്രത്തിലെ പ്രധാന കാര്യങ്ങൾ:
* മഞ്ജുവാര്യർ 11 ാം സാക്ഷി
* നടൻ സിദ്ദിഖ് 13 ാം സാക്ഷി
* കാവ്യാമാധവൻ 34 ാം സാക്ഷി
* കാവ്യാമാധവനുമായുള്ള ദിലീപിന്റെബന്ധം യുവനടി പലരോടും പറഞ്ഞതു പകയുണ്ടാക്കി.
* കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ റിക്കാഡ് ചെയ്ത് മഞ്ജുവിന് നൽകിയതും പകയുണ്ടാക്കി.
* മഴവില്ലഴകിൽ അമ്മ എന്ന സ്റ്റേജ്ഷോയുടെ റിഹേഴ്സലിനിടെ ആക്രമിക്കപ്പെട്ട നടിയോട് ദിലീപ് വഴക്കുണ്ടാക്കി.
* നടിയെ ശാരീരികമായും മാനസികമായും തകർക്കാനും അപമാനിക്കാനും തീരുമാനിച്ചു.
* സ്വാധീനം ഉപയോഗിച്ചു നടിയെ സിനിമയിൽനിന്ന് അകറ്റിനിർത്തി.
* യുവനടിയുമായുള്ള ലൈംഗികവേഴ്ചയും നഗ്നരംഗങ്ങളും ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തി.
* നടിയുടെ വിവാഹനിശ്ചയ മോതിരം ദൃശ്യങ്ങളിൽ കാണണമെന്നും മുഖം വ്യക്തമായിരിക്കണമെന്നും നിർദേശിച്ചു.
* ചിത്രങ്ങൾ എങ്ങിനെ ചിത്രീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
* 2015 നവംബർ ഒന്നിനു തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ വച്ചു ദിലീപ് 10,000 രൂപ സുനിക്ക് അഡ്വാൻസ് നൽകി.
* അതിനടുത്ത ദിവസം ഒരു ലക്ഷം രൂപ നൽകി. സുനി തുക അന്നുതന്നെ അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.
* യുവനടി വിവാഹം കഴിച്ചു സിനിമാരംഗം വിടുന്നതിനു മുൻപു ദൗത്യം നടക്കണമെന്നു ദിലീപ് സുനിയോട് നിർദേശിച്ചു.
* 2016 സെപ്റ്റംബർ 21 നു തൊടുപുഴയിലെ ലൊക്കേഷനിലെത്തി 30,000 രൂപ കൂടി കൈപ്പറ്റി.
* 2017 ജനുവരി നാല്, അഞ്ച് തീയതികളിൽ ഗോവയിൽ വച്ചി നടിയെ ആക്രമിക്കാൻ സുനി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.
* ടെന്പോ ട്രാവലറിന്റെ പ്ലാറ്റ്ഫോമിൽ കിടത്തി കൂട്ടബലാത്സംഗം നടത്താൻ പദ്ധതിയിട്ടു.
* ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി ട്രാവലറിന്റെ കാബിനിലെ കന്പികൾ നീക്കം ചെയ്തു.
* കൂട്ടബലാത്സംഗത്തിനായി ട്രാവലറിൽ കാവി മുണ്ടു വിരിച്ചിട്ടു.
* കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രശാലയായ ലക്ഷ്യയിൽ സംഭവത്തിനുശേഷം പൾസർ എത്തി.
* ലക്ഷ്യയിലും വീട്ടിലുമെത്തി ദിലീപിനെ അന്വേഷിച്ചിരുന്നു.
* ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും അഭിഭാഷകനെ ഏൽപ്പിച്ചു. പിന്നീട് നശിപ്പിച്ചു.
* അഭിഭാഷകരുടെ ഓഫീസിൽ പ്രതികൾ ഒളിവിൽ താമസിച്ചു.
* ദിലീപിനു വേണ്ടി മനപൂർവം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.
* പ്രതികൾ ജയിലിൽനിന്നു ബന്ധപ്പെടാൻ ശ്രമിക്കുന്നതു ദിലീപ് അറിഞ്ഞിരുന്നു.