കൊച്ചി: നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്റെ നീക്കം. ആലുവയിലെ ആശുപത്രിയിൽ ഫെബ്രുവരി 17 മുതൽ 21വരെയാണ് ദിലീപ് ചികിത്സയിൽ കഴിഞ്ഞിരുന്നതായി രേഖകൾ കണ്ടെത്തിയത്. ഈ സമയം ദിലീപ് സിനിമയിൽ അഭിനയിച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറിന്റേയും നഴ്സിന്റേയും മൊഴി രേഖപ്പെടുത്തി.
അതേസമയം, നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നു സൂചന. കൃത്യം നടത്തിയതു ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷൻ ഏറ്റെടുത്തയാളാണു സുനിൽ കുമാർ.
എട്ടു വകുപ്പുകൾ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണു താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങൾ. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുളള തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പോലീസ് തയാറാക്കിയിട്ടുണ്ട്. ഇരുപതിലേറെ നിർണായക തെളിവുകൾക്കു പുറമെ ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടാകും.