ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനു മറുപടി നൽകാനാണ് ദിലീപ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്വകാര്യത എന്നത് ഇരയുടെ മൗലികാവകാശമാണ്. ഇക്കാര്യം പരിഗണിക്കാതെ മെമ്മറി കാർഡ് കൈമാറിയാൽ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. അത് ഇരയുടെ ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ച തൊണ്ടിമുതലാണ്. തൊണ്ടിമുതല്‍ അവകാശപ്പെടാന്‍ പ്രതിക്ക് ആവില്ല. സിആര്‍പിസി 207 വകുപ്പ്പ്രകാരം ഇത് പ്രതിക്ക് കൈമാറാന്‍ കഴിയുകയുമില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറില്‍ വച്ച് നടനും അഭിഭാഷകരും മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.