ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ തെളിവ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. മെമ്മറി കാർഡ് ഉൾപ്പെടെ കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നാണു വാദം. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
കേസിലെ പ്രധാന തെളിവായി പോലീസ് കോടതിയിൽ ഹാജരാക്കിയതാണ് ഈ മെമ്മറി കാർഡ്. നടി ആക്രമിക്കപ്പെടുന്പോൾ പ്രധാന പ്രതിയായ പൾസർ സുനി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളെന്നാണ് പോലീസ് വിശദമാക്കുന്നത്.
എന്നാൽ, എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയതെന്നും നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ കാണണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഈ ആവശ്യം വിചാരണ ക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരേയാണ് ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ഹാജരായേക്കും.