കോട്ടയം: പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതിക്കായി തെരച്ചിൽ തുടരുന്നു. പുതുപ്പള്ളി തലപ്പാടി തച്ചകുന്ന് മാളിയേക്കൽ ദിലീപ് (19) ആണ് മണർകാട് സ്റ്റേഷനിൽനിന്ന് ചാടിപ്പോയത്. തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഇന്നലെ ദിലീപിനെ അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി.
തിരികെ മണർകാട് സ്റ്റേഷനിൽ എത്തിച്ച് ജീപ്പിൽ നിന്നിറങ്ങിയ സമയത്താണ് രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പെട്ടെന്ന് വിലങ്ങു വച്ച് പോലീസിനെ ആക്രമിച്ച്് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൂന്നു പോലീസുകാരാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്.
ഒരു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ, 600 ദിർഹം, 40,000രൂപ വില വരുന്ന രണ്ടു മൊബൈൽ ഫോണുകൾ, രണ്ടു കാമറ, നാലു വാച്ച് എന്നിവയാണു ഷാജിയുടെ വീട്ടിൽനിന്ന് മോഷണം പോയത്. ഇതിൽ ആഭരണവും വാച്ചും കാമറയും ദിലീപിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. നേരത്തേ മോഷണക്കേസിൽ ഉൾപ്പെട്ടതാണ് ദിലീപിനെ സംശയിക്കാൻ കാരണം
. വീട്ടുകാർ നല്കിയ അടയാളം കൂടിയായപ്പോൾ ദിലീപ് ആണെന്ന് ഉറപ്പിച്ച് പിടികൂടി ചോദ്യം ചെയ്തപ്പോൾ മോഷണ കാര്യം സമ്മതിച്ചതായും പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയിൽ വീട്ടുകാർ പുറത്തുപോയ സമയത്താണു കവർച്ച നടന്നത്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. രാത്രിയിൽ വീട്ടുകാർ മടങ്ങി വന്നപ്പോൾ മുകളിലത്തെ നിലയിൽനിന്ന് ഒരാൾ ചാടിപ്പോകുന്നത് കണ്ടിരുന്നു.
വീടിനുള്ളിൽ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടിരിക്കുകയായിരുന്നു. പോലീസ്, സയന്റിഫിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട് നിർമാണ സാമഗ്രികൾ പരിസരത്ത് ഇറക്കി വച്ചിരുന്നു. ഇതുവഴിയാണു പ്രതി വീടിനുള്ളിൽ കടന്നത്. ഇന്നലെ വൈകുന്നേരം മോഷണം നടന്ന വീട്ടിൽ ദിലീപിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പിന്നീടാണു വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയത്.