മണർകാട്: സ്റ്റേഷൻ മുറ്റത്തുനിന്നും വിലങ്ങുമായി കടന്നുകളയുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്ത മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങും.പുതുപ്പള്ളി തച്ചുകുന്ന് മഠത്തിൽപ്പടി മാളിയേക്കൽ ദിലീപാ(19)ണ് പെരുമാനൂർകുളം ജംഗ്ഷനുസമീപം ലയണ്സ് ക്ലബിനു പിന്നിലെ പുരയിടത്തിലെ കുറ്റിക്കാട്ടിൽനിന്ന് ഇന്നലെ പിടിയിലായത്. പോലീസിനെ കണ്ട ഉടനെ സമീപത്തെ കുഴിയിലേക്കു ചാടി കടന്നുകളയാൻ ശ്രമിച്ച ദിലീപിനെ സർക്കിൾ ഇൻസ്പെക്ടർ കെ. ഷിജി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
സംരക്ഷണം ഒരുക്കിയെന്ന കുറ്റത്തിൽ ദിലീപിന്റെ കാമുകി പെരുമാനൂർകുളം സ്വദേശിനിയെ ഇന്നു പോലീസ് ചോദ്യം ചെയ്യും. 19 വയസിനിടെ ദിലീപിനെതിരെ ജില്ലയിലെ മൂന്നു സ്റ്റേഷനുകളിൽ നാലു മോഷണക്കേസും ഒരു പോക്സോ കേസുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ കുഴിപുരയിടം ചാമക്കാലായിൽ ഷാജിയുടെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ, വിദേശ കറൻസി എന്നിവ മോഷ്ടിച്ച കേസിലാണ് വ്യാഴാഴ്ച ദിലീപിനെ അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്കുശേഷം തിരികെ വരുന്നതിനിടെയാണു വെള്ളിയാഴ്ച രാത്രി 10.10നു പോലീസുകാരൻ ഫെർണാണ്ടസിനെ ഇടിച്ചു വീഴ്ത്തിയശേഷം ഇയാൾ രക്ഷപ്പെട്ടത്. ദിലീപിന്റെ സുഹൃത്ത് പെരുമാനൂർകുളത്തുണ്ടെന്ന വിവരം അറിഞ്ഞ പോലീസ് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിൽ നിന്ന് ആരോ ഇറങ്ങിപ്പോകുന്നത് നാട്ടുകാർ കണ്ടു. വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ ദിലീപ് വന്നതായി സമ്മതിച്ചു.
മണർകാട് പോലീസ് സ്റ്റേഷന് ഒന്നര കിലോമീറ്ററിനുള്ളിൽ ദിലീപ് 42 മണിക്കൂർ ഒളിച്ചുകഴിഞ്ഞു. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ പെരുമാനൂർകുളത്തെ കുന്നിനു മുകളിലെ കാട്ടിൽനിന്നു ദിലീപ് പുറത്തുചാടുകയായിരുന്നു. കടന്നുകളഞ്ഞയുടനെ ദിലീപ് പഴയ കെകെ റോഡിനു സമീപം ആളൊഴിഞ്ഞു കിടന്ന ഒരു വീടിന്റെ മുകളിൽ ഒളിച്ചു. ഇവിടെ നിന്നു വിലങ്ങ് പൊട്ടിച്ചുമാറ്റാൻ ശ്രമം നടത്തി.
ശനിയാഴ്ച ഇവിടെ ഒളിവിൽ കഴിഞ്ഞ ദിലീപ് വൈകുന്നേരത്തോടെ പുറത്തിറങ്ങി. ബൈക്കിനു ലിഫ്റ്റ് ചോദിച്ചു പെരുമാനൂർകുളത്തിനുസമീപം എത്തി. സംശയം തോന്നിയ ബൈക്ക് യാത്രക്കാരൻ വിവരം ഉടൻ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ദിലീപ് ഇവിടെനിന്നു പെരുമാനൂർകുളത്തെ കാട്ടിനുള്ളിൽ ഒളിച്ചു. വനിതാ സുഹൃത്തിന്റെ വീടിനു സമീപത്തായതിനാലാണ് ഇവിടെ എത്തിയത്.
ദിലീപിനു ബന്ധമുള്ള മൂന്നു വീടുകൾ ഇവിടെ പോലീസ് കണ്ടെത്തിയിരുന്നു. അവിടെ രഹസ്യ നിരീക്ഷണം ശക്തമാക്കി. ദിലീപിന്റെ മൊബൈൽ പോലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചും നിരീക്ഷിച്ചിരുന്നു. അതിൽ നിന്നാണു കൂട്ടുകാരുടെ വിവരങ്ങൾ ലഭിച്ചത്. ദിലീപിന്റെ കൈയിൽ പണവും മൊബൈൽ ഫോണുമില്ലാതിരുന്നതിനാൽ പുറത്തുകടക്കുവാൻ ബുദ്ധിമുട്ട് നേരിട്ടു. ദിലീപിനെ ബൈക്കിൽ കൊണ്ടുവിട്ട സ്ഥലം പോലീസ് വളഞ്ഞു.
അവിടെനിന്നു പുറത്തുപോകുവാൻ ആറു വഴികൾ മാത്രമാണ്. ഒന്പതു ബൈക്ക് പട്രോൾ സംഘം പ്രദേശത്ത് നിലയുറപ്പിച്ചു. 20 പോലീസ് സംഘങ്ങൾ നടത്തിയ തെരച്ചിലാണ് ദിലീപിനെ കുരുക്കിയത്. അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറിയ പോലീസുകാരെയും വിളിച്ചുവരുത്തി. നാട്ടുകാരും സഹായത്തിനെത്തി. ദിലീപിനെ കണ്ടുവെന്നു പറഞ്ഞ് 62പേർ 42 മണിക്കൂറിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു.
ദിലീപിന്റെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും. ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിച്ചു.