കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
നീക്കം ചെയ്തതില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് സിഇഒ ഗാലിഫുമായുള്ള സംഭാഷണങ്ങളും ഉൾപ്പെടുന്നു. കൂടാതെ മലപ്പുറം സ്വദേശി ജാഫർ, തൃശൂര്‍ സ്വദേശി നസീർ, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്.
ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാനാകാത്ത വിധം ചാറ്റുകൾ നീക്കിയത്. ഇതിൽ ദുരൂഹതയുണ്ടെന്നും ഈ ചാറ്റുകൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.