കൊച്ചി: വധഗൂഢാലോചന കേസില്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ച നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം ഇന്നു ലഭിക്കും. ഇതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിനായി ഒരുങ്ങുകയാണ് അന്വേഷണസംഘം.
ദിലീപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനു ശേഷം എന്ന് വേണമെന്ന് തീരുമാനിക്കും.
ദിലീപിന്റെ സഹോദരന് അനൂപിനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബന്ധു മരിച്ചതിനാല്‍ എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു.
സിനിമ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്നു സൂചന
വധഗൂഢാലോചന കേസില്‍ വരും ദിവസങ്ങളില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ദിലീപുമായി കൂടുതല്‍ അടുപ്പമുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം സംവിധായകന് നാദിര്‍ഷയെ ക്രൈംബ്രാഞ്ച് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ദിലീപിന്റെ മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ച് കൂടുതല്‍ തവണ വിളിച്ചവരെയാണ് അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദിലീപിനോട് ഫോണില്‍ ഏറ്റവുമധികം സംസാരിച്ചതെന്നാണ് നാദിര്‍ഷ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ദിലീപിന്റെ ഹര്‍ജിയില്‍ വിശദീകരണം തേടി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. ഹര്‍ജി മാര്‍ച്ച് ഒമ്പതിനു വീണ്ടും പരിഗണിക്കും.
ജസ്റ്റീസ് കെ. ഹരിപാലിലാണ് ഹര്‍ജി പരിഗണിച്ചത്. കേസ് റദ്ദാക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
പീഡനക്കേസ്: ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി
അതേസമയം യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ബാലചന്ദ്രകുമാര്‍ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കണ്ണൂര്‍ സ്വദേശിനി നല്കിയ പരാതിയില്‍ എറണാകുളം എളമക്കര പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
12 വര്‍ഷം മുമ്പ് പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്കിയ കേസ് വ്യാജമാണെന്നും നടന് ദിലീപാണ് കള്ളക്കേസിനു പിന്നിലെന്നും ബാലചന്ദ്രകുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ ചില നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ അടുത്തിടെ നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം ദിലീപിന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ച കേസാണിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.