കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരേ ഏഴാംപ്രതി ചാർളിയുടെ രഹസ്യമൊഴി. നടിയെ ആക്രമിക്കാൻ കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറിന് (പൾസർ സുനി) ക്വട്ടേഷൻ നൽകിയത് ദിലീപാണെന്നും മൊബൈൽ ഫോണിൽ പകർത്തിയ നടിയുടെ ചിത്രങ്ങൾ താൻ കണ്ടുവെന്നുമാണ് ചാർളി രഹസ്യമൊഴി നൽകിയിട്ടുള്ളത്.
ഈ രഹസ്യമൊഴിയോടെ ചാർളിയെ കേസിൽ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കിയേക്കും. നടിയെ ആക്രമിച്ചശേഷം കോയന്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് പൾസർ സുനി ഒളിവിൽ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് മറ്റൊരു പ്രതിയായ വിജേഷിനൊപ്പം സുനി വീട്ടിലെത്തിയത്. ആദ്യദിവസം ക്വട്ടേഷൻ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞിരുന്നില്ലെങ്കിലും നടിയുടെ ചിത്രങ്ങൾ താൻ കണ്ടെന്നു മനസിലാക്കിയതോടെ സുനി ക്വട്ടേഷൻ സംബന്ധിച്ച് വ്യക്തമാക്കുകയായിരുന്നുവെന്നാണ് മൊഴി.
ഒന്നര കോടി രൂപയ്ക്കാണ് ദിലീപ് ക്വട്ടേഷൻ നൽകിയിരുന്നത്. ഒളിവിൽ കഴിയാൻ സഹായിച്ചാൽ പത്തു ലക്ഷം രൂപ തനിക്കു നൽകാമെന്നു സുനി വാഗ്ദാനം ചെയ്തതായും രഹസ്യമൊഴിയിലുണ്ട്. എന്നാൽ, പിറ്റേ ദിവസം വീടിനു സമീപത്തുനിന്നു മോഷ്ടിച്ച പൾസർ ബൈക്കുമായി സുനി ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് മൊഴിയിലുള്ളത്. ഈ ബൈക്കുമായാണു സുനി കൊച്ചിയിൽ കീഴടങ്ങാനെത്തിയതും പിന്നീട് പോലീസ് പിടിയിലാകുന്നതും.
ദിലീപിന്റെ അഭിഭാഷകന്റെ വാദങ്ങൾ പൊളിക്കുന്നതാണ് ചാർളിയുടെ രഹസ്യമൊഴിയെന്നാണു സൂചന. പ്രതികൾ ജയിലിൽ നടത്തിയ ആസൂത്രണമാണു ദിലീപിനെതിരേയുള്ള ഗൂഢാലോചനയെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. എന്നാൽ, അങ്ങനെയല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ സഹായിക്കുന്ന മൊഴിയാണ് ചാർളിയിൽനിന്ന് ലഭിച്ചിട്ടുള്ളത്.
അതേസമയം, കേസിൽ ഇനിയും രണ്ടുപേരുടെ കൂടി രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. നാലു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നേരത്തെ എറണാകുളം സിജഐം കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസങ്ങളിൽ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചാർളിയും ഉൾപ്പെടുന്നതായാണു വിവരം. ഇതോടെ രഹസ്യമൊഴി നൽകിയവരുടെ എണ്ണം 24 ആയി. ആകെ 26 പേരുടെ രഹസ്യമൊഴിയാകും അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ടു കോടതിയിൽ സമർപ്പിക്കുക.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി നാളെ കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. റിമിയുടെ അഭ്യർഥനകൂടി പരിഗണിച്ചാണ് മൊഴി നൽകാനുള്ള സൗകര്യം വനിതാ മജിസ്ട്രേറ്റുമാരുള്ള കോതമംഗലം കോടതിയിൽ ഏർപ്പെടുത്തിയതെന്നാണു സൂചന. നടൻ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ സംഘം നേരത്തെ റിമിയിൽനിന്നും അന്വേഷിച്ചറിഞ്ഞിരുന്നു.