ദിലീപ് ഇപ്പോള്‍ അനുഭവിക്കുന്നത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ ? യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിനെ പൂട്ടാനുള്ള സകല വഴിയുമൊരുക്കിയെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം. ‘വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പടിക്കു നില്‍ക്കണം.’ യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ നല്‍കുമ്പോള്‍ നടന്‍ ദിലീപ് ഒന്നാംപ്രതി പള്‍സര്‍ സുനിയോട് പറഞ്ഞത് ഇങ്ങനെയെന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നടിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് സുനിയോട് പറഞ്ഞിരുന്നതായാണ് വിവരം. നടിയുടെ മോതിരം വ്യക്തമായി ദൃശ്യങ്ങളില്‍ കാണണമെന്നും നിര്‍ദേശിച്ചിരുന്നു. സംഭവദിവസം നടി ധരിച്ചിരുന്നതു പ്രതിശ്രുത വരന്‍ സമ്മാനിച്ച മോതിരമാണെന്ന ധാരണയിലാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ദിലീപിന്റെ ആദ്യവിവാഹം തകരാനിടയാക്കിയ സംഭവങ്ങളില്‍ ഉപദ്രവിക്കപ്പെട്ട യുവനടിക്കു മുഖ്യപങ്കുണ്ടെന്ന ധാരണയാണ് ഇവരോടു കടുത്ത പകയുണ്ടാവാന്‍ വഴിയൊരുക്കിയതെന്നും പോലീസ് കണക്കുകൂട്ടുന്നു.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള ബന്ധങ്ങളുടെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിനെതിരേ നടി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്ത ഘട്ടങ്ങളിലെല്ലാം നടി ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ ഏറ്റവും ശക്തമായ തെളിവ് ഇരയായ നടിയുടെ മൊഴിയാണെന്ന് അന്വേഷണ സംഘം പറയുന്നു. ആക്രമിക്കപ്പെട്ടതിനു ശേഷം നടി ആദ്യം പൊലീസിനു നല്‍കിയ മൊഴിയില്‍ ദിലീപിന്റെ പേരു പരാമര്‍ശിച്ചിരുന്നില്ല. ദിലീപിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരെല്ലാം പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഇക്കാര്യമായിരുന്നു. എന്നാല്‍ പിന്നീടു നടത്തിയ ചോദ്യം ചെയ്യലുകളിലെല്ലാം നടി ശക്തമായ സംശയം ഉന്നയിച്ച് ദിലീപിനു നേര്‍ക്കായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയെയാണ്, പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഒന്നാം സാക്ഷിയായി ചേര്‍ത്തിട്ടുള്ളത്. തനിക്കെതിരെ ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടാവാം എന്നാണ് ഓരോ തവണ ചോദ്യം ചെയ്തപ്പോഴും നടി ആവര്‍ത്തിച്ചത്. വിവാഹ ബന്ധം തകര്‍ത്തതിനു നടിയോടു പ്രതികാരം ചെയ്യുമെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു. ഇക്കാര്യം പലരും തന്നോടു പറഞ്ഞിട്ടുണ്ടെന്ന് നടി വ്യക്താക്കിയതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ദിലീപ് തന്നെയാകാമെന്ന സംശയമാണ് നടി ഉന്നയിച്ചത്. ആക്രമണം ക്വട്ടേഷനാണെന്ന് നടി പറഞ്ഞത് നിര്‍ണായകമാണ്. നടിയുടെ ശക്തമായ മൊഴി നിലനില്‍ക്കുന്നതിനാല്‍ ദിലീപിനെ പൂട്ടാന്‍ അധികം പാടുപെടേണ്ടി വരില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് വിചാരണ വേഗത്തിലാക്കാനുള്ള അപേക്ഷ നല്‍കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്നാണ് കരുതുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിചാരണ സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നത്.