കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ ഡിജിപി ബി. സന്ധ്യ മുതല്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ് വരെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പുതിയ കേസ് എന്ന് നടന് ദിലീപ് ഹൈക്കോടതിയില്‍ ആരോപി ച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു ദിലീപിന്റെ ആരോപണം.
ജസ്റ്റീസ് പി. ഗോപിനാഥ് പ്രോസിക്യൂഷന്റെ വാദത്തിനായി ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റി.
ലോക്കല്‍ പോലീസ് അന്വേഷിക്കാതെ ക്രൈംബ്രാഞ്ച് നേരിട്ട് ഈ കേസ് അന്വേഷിക്കുന്നതെങ്ങനെയെന്ന് ഹര്‍ജിയില്‍ വാദത്തിനിടെ സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.
വ്യാജ തെളിവുകളും കഥകളും കൂട്ടിച്ചേര്‍ത്തു കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള പരാതിയും രണ്ടു മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. ഇവയില്‍ വൈരുധ്യങ്ങളുണ്ട്.
എസ്പിയായിരുന്ന എ.വി. ജോര്‍ജ് മാധ്യമങ്ങളോടു സംസാരിക്കുന്ന യു ട്യൂബ് ദൃശ്യം നോക്കി നിങ്ങള്‍ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ പിന്നീട് രണ്ടുതവണ മൊഴി രേഖപ്പെടുത്തിയപ്പോള്‍ അന്നത്തെ എഡിജിപി ബി. സന്ധ്യ ഉള്‍പ്പെടെയുള്ളവരെ വകവരുത്തുമെന്നു പറഞ്ഞെന്നായി.
തന്നെ മര്‍ദിച്ച സുദര്‍ശന്റെ കൈവെട്ടണമെന്നു പറഞ്ഞെന്നും മൊഴികളിലുണ്ട്. തന്നെ ആരും മര്‍ദിച്ചിട്ടില്ല. ഓരോ തവണയും കഥകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ബൈജു പൗലോസിനെ വല്ല ട്രക്കോ മറ്റോ തട്ടിയാല്‍ ഒന്നരക്കോടി രൂപ വേറെ കരുതേണ്ടി വരുമെന്ന് സുരാജ് പറഞ്ഞെന്ന് മൊഴിയിലുണ്ട്.
എന്നാല്‍ ബൈജു പൗലോസിന് വല്ല അപകടവും സംഭവിച്ചാല്‍ അതും നമ്മുടെ തലയില്‍ വരുമല്ലോയെന്ന അര്‍ഥത്തിലാണ് ഇതു പറഞ്ഞതെന്ന് ശബ്ദരേഖ കേട്ടാല്‍ മനസിലാകും.
ബാലചന്ദ്രകുമാര്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്തത് സാംസംഗ് ടാബിലാണെന്നു പറയുന്നു. ഇതു കേടായിപ്പോയെന്നും സംഭാഷണങ്ങള്‍ ഒരു ലാപ്ടോപ്പിലേക്ക് പകര്‍ത്തിയെന്നും പറയുന്നു.
ഇതൊന്നും കണ്ടെടുത്തിട്ടില്ല. പകരം ശബ്ദരേഖയടങ്ങിയ പെന്‍ഡ്രൈവാണ് ഹാജരാക്കിയത്. പ്രതികളുടെ ഫോണുകളെല്ലാം അന്വേഷണസംഘം പിടിച്ചെടുത്തു. ദിലീപ് പറഞ്ഞ വാക്കുകള്‍ കേട്ടുനിന്ന അപ്പു, ബൈജു എന്നിവരെ പ്രതികളാക്കി.
ഇതു കേട്ടുനിന്ന ബാലചന്ദ്രകുമാറിനെ പ്രതിയാക്കിയതുമില്ല. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരേ കേസ് നിലനില്‍ക്കില്ലെന്നു കണ്ടതോടെയാണ് അന്വേഷണസംഘം തന്നെ അറസ്റ്റ് ചെയ്ത് കൂടുതല്‍ തെളിവുണ്ടാക്കാന്‍ കള്ളക്കേസ് ചമച്ചത്.
തനിക്ക് 19 ലക്ഷം രൂപ കടമുണ്ടെന്നും കടം നല്‍കിയവരെ ഫോണില്‍ വിളിച്ച് പണം മടക്കി നല്കാന് സാവകാശം കൊടുക്കണമെന്ന് പറയണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
അവരെ വിശ്വസിപ്പിക്കാനായി ഒരു സിനിമ അനൗണ്‍സ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതിലുള്ള പ്രതികാരമാണ് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെന്നും ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു.
ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.