കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ദിവസങ്ങള്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ ഇന്നു രാവിലെ പത്തരയോടെയാണ് കോടതി ദിലീപിനും മറ്റ് അഞ്ച് പ്രതികൾക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
വിധി എതിരായ സാഹചര്യത്തിൽ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്, സഹോദരനായ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സുരാജ്,
ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമാനാട്, ആലുവയിലെ ഹോട്ടല്‍ ബിസിനസുകാരന് ശരത് എന്നിവരടക്കമുള്ള പ്രതികള്‍ ജനുവരി 10നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം എന്നിവ ഹാജരാക്കണം.
സാക്ഷികളെ സ്വാധീനിക്കാന്‍ യാതൊന്നും ചെയ്യരുതെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നുമുള്ള എന്നീ ഉപാധികളും കോടതി മുന്നോട്ടുവച്ചു.
പ്രോസിക്യൂഷന് തിരിച്ചടി
അതേസമയം മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ പ്രോസിക്യൂഷന്റെ തുടന്നുള്ള നീക്കം നിര്‍ണായകമാകും.
നിര്‍ണായക വിധി വരുന്ന ദിവസം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട് അടഞ്ഞു കിടക്കുകയായിരുന്നു. രണ്ടു ദിവസമായി ദിലീപ് അവിടെ ഇല്ല എന്നാണ് അറിയുന്നത്.
വീടിന് മുന്നിൽ ക്രൈംബ്രാഞ്ച്
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ കയറി പരിശോധന നടത്താന്‍ പദ്ധതിയിട്ടിരുന്നു.
മഫ്തിയില്‍ ഉള്‍പ്പെടെ ഇവിടെ രാവിലെ തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നു. വീട്ടില്‍ ആളുകള്‍ ഇല്ലെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്.
ഗേറ്റും വാതിലുകളും അടഞ്ഞു കിടക്കുകയാണ്. പോലീസ് സംഘവും ക്രൈംബ്രാഞ്ച് സംഘവും വീടിനു മുന്നില്‍ എത്തിയിരുന്നു.
ശബ്ദ പരിശോധനയ്ക്കായി നാളെ ഹാജരാകണമെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കാനായി ഇന്നലെ പത്മസരോവരം വീട്ടില്‍ എത്തിയെങ്കിലും അവിടെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വീടിന്റെ ഗേറ്റില്‍ നോട്ടീസ് പതിപ്പിച്ച് സംഘം മടങ്ങുകയാണ് ഉണ്ടായത്.
അനുജന് അനൂപ് താമസിക്കുന്ന തറവാടുവീടും അടഞ്ഞു കിടക്കുകയാണ്. നാളെ ശബ്ദ പരിശോധനയ്ക്ക് ഹാജരാകാന്‍ അറിയിച്ചു കൊണ്ടുള്ള ഉത്തരവ് നല്കാന് എത്തിയെങ്കിലും അവിടെയും ആരും ഉണ്ടായില്ല.
നോട്ടീസ് ഭിത്തിയില്‍ പതിപ്പിച്ചാണ് ഇവിടെനിന്നും ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അതേസമയം ദിലീപും അനൂപും മറ്റ് പ്രതികളും എവിടെയുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.
ഹർജി നൽകിയത് ജനുവരി 10ന്
പ്രതികൾ ജനുവരി പത്തിനാണ് ഹൈക്കോടതിയില്‍ ഹർജി നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്തുമെന്ന് പറയുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ദിലീപ്, അനൂപ്, സൂരജ് എന്നിവര്‍ക്കെതിരേ കേസെടുത്തത്.
പ്രതിഭാഗത്തിന്റെ വാദം
എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് സാക്ഷികള്‍ ദുര്‍ബലമാവുകയും കേസില്‍ തിരിച്ചടി ലഭിക്കുമെന്നും തിരിച്ചറിഞ്ഞതോടെയാണ് ബൈജു പൗലോസ് തനിക്കും ബന്ധുക്കള്‍ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ബൈജു പൗലോസിനെതിരേ ദിലീപ് നല്കിയ കോടതിയലക്ഷ്യ കേസില്‍ വിചാരണക്കോടതി നോട്ടീസ് ഉത്തരവായിരുന്നു.
ഇതാണ് പുതിയ കേസെടുക്കാനുള്ള പ്രേരണയെന്നും ഹര്‍ജിയില്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് ജാമ്യ ഹര്‍ജി ഹൈക്കോടതി വിശദമായി പരിഗണിച്ച് ദീലിപ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഉത്തരവായി.
പിന്നീട് മൂന്ന് ദിവസം ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതിന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്കി.
എന്നാല്‍ പിന്നീട് ഹര്‍ജി പരിഗണിക്കവെ ദിലീപ് പ്രോസിക്യൂഷനുമായി സഹകരിക്കുന്നില്ലെന്നും അറസ്റ്റ് തടഞ്ഞ ഉത്തരവ് നീക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ഇതിനിടെ ദിലീപിന്റെയും മറ്റും മൊബൈല്‍ ഫോണുകള്‍ കൈമാറമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഉപഹര്‍ജി നല്കി.
ഈ ഉപഹര്‍ജിയില്‍ വാദം കേട്ട് മൊബൈല്‍ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുന്നതിന് നേരത്തെ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപിന്റെ സുഹൃത്തും ഹോട്ടലുടമയുമായ ആലുവ കല്ലുങ്കല്‍ ലെയിനില്‍ ശരത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കേസിന്റെ പ്രധാന്യം പരിഗണിച്ച് ശനിയാഴ്ചകളില്‍ പോലും ഈ കേസില്‍ കോടതി പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു.
ഗുഢാലോചന കേസ് റദ്ദാക്കണം; ദിലീപ് ഹൈക്കോടതിയിലേക്ക്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യഹർജി ലഭിച്ചതിന് പിന്നാലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ.കെ.രാമൻപിള്ള.
നേരത്തെ തന്നെ ഇതിനായി തയാറെടുപ്പുകൾ നടത്തിയിരുന്നു. ഗുഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതിക്ക് ബോധ്യമായ സാഹചര്യത്തിൽ ഉടൻ തന്നെ ഹർജി സമർപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
നടിയെ ആക്രമിച്ച കേസിൽ തെളിവില്ലെന്ന് ബോധ്യമായപ്പോൾ പോലീസ് കെട്ടിച്ചമച്ച കേസാണിത്. പോലീസ് സംവിധാനം പൂർണമായും ഉപയോഗിച്ചാണ് ദിലീപിനെ പ്രതിയാക്കാൻ നീക്കം നടത്തിയത്.
ദിലീപിനെതിരേ ചുമത്തിയ കേസുകളൊന്നും പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്നാണ് കോടതി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.