കമ്മാരസംഭവത്തിലെ തന്റെ കിടിലൻ ലുക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദിലീപ്. മൂന്നുമാസത്തെ സുനാമിയിൽ നിന്നുമാണ് താടി വെച്ച തന്റെ ലുക്ക് പിറന്നതെന്നാണ് അദ്ദേഹം വ്യക്കമാക്കിയത്. കൊച്ചിയിൽ നടന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ റിലീസിൽ പങ്കെടുക്കവെയാണ് ദിലീപ് തുറന്നു പറച്ചിൽ നടത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. “ചിത്രത്തിൽ അഞ്ച് ലുക്കിലാണ് ഞാൻ വരുന്നത്. അതിൽ പ്രധാനമായും ചെയ്യുന്നത് മൂന്ന് ലുക്കാണ്. ഒന്ന് വയസൻ, രണ്ട് പാട്ടിൽ വരുന്ന ലുക്ക്. പിന്നെയുള്ള ലുക്ക് എങ്ങനെ വേണം എന്ന് ആലോചിച്ച് ഇരിക്കുന്പോഴാണ് ഒരു വലിയ സുനാമിയിൽ ഞാൻ പെട്ട് പോയത്. ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കിയെടുത്ത ലുക്കാണ് ചിത്രത്തിലെ തന്റെ താടി വെച്ച ലുക്കിന്റെ പിന്നിലെ രഹസ്യമെന്നും ദിലീപ് പറഞ്ഞു.
രണ്ടാം ജന്മത്തിലെ തന്റെ ആദ്യവേദിയാണിത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അന്പാട്ട് എന്റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീർത്തത് രതീഷിന്റെ ക്ഷമ തന്നെയാണ്.
ഒരുപാട് തിരക്കുകൾക്കിടയിൽ നിന്നും സമയം കണ്ടെത്തിയ നടൻ സിദ്ധാർഥിന്റെ നല്ല മനസും ഈ ചിത്രം സംഭവിക്കുന്നതിനു കാരണമായി. എന്നെ എപ്പോഴും നിലനിർത്തിയ പ്രേക്ഷകരോട് ഞാൻ നന്ദി അറിയിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.