കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന് ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15-ന് വിധി പറയും.
ഹര്‍ജിയില്‍ ദിലീപിന്റെയും പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായതോടെയാണ് കേസില്‍ തിങ്കളാഴ്ച ജസ്റ്റീസ് പി.ഗോപിനാഥ് വിധി പറയുന്നത്.
ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
ഹര്‍ജിയില്‍ അനന്തമായി വാദം നീളുന്നുവെന്ന വിമര്‍ശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കേണ്ടതുണ്ടെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ.ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്.
അതേസമയം പ്രതിഭാഗത്തിന് കേസ് സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എഴുതി നല്‍കാമെന്നും കോടതി അറിയിച്ചതിനെ തുടർന്നു കോടതി ഉത്തരവ് ഉൾപ്പെടെയുള്ള വാദങ്ങൾ ജഡ്ജിക്ക് ഇന്ന് കൈമാറി.
ദിലീപിന്റെ വീട്ടില്‍ നോട്ടീസ് പതിച്ചു
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശബ്ദപരിശോധനയ്ക്ക് ഹാജരാകണ മെന്നാവശ്യപ്പെട്ട് ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു.
നോട്ടീസുമായി ഉദ്യോഗസ്ഥർ എത്തുന്പോൾ ദിലീപ് വീട്ടിലുണ്ടായിരുന്നില്ല.
വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ നോട്ടീസ് കൈപ്പറ്റാൻ തയാറായുമില്ല. തുടർന്നാണ് നോട്ടീസ് വീട്ടിൽ പതിച്ചത്. കൂട്ടുപ്രതികൾക്കുള്ള നോട്ടീസ് അവരുടെ വീടുകളിൽ എത്തിച്ചു.
പ്രതികളുടെ ശബ്ദപരിശോധനയ്ക്ക് കോടതി അനുമതി നൽകിയിരുന്നു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദപരിശോധന നടത്തുക.
ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ശബ്ദപരിശോധനയെ എതിര്‍ത്തെങ്കിലും ഒടുവില്‍ തിങ്കളാഴ്ച ഒഴികെ ഏത് ദിവസവും ഹാജരാകാമെന്ന് കോടതിയെ അറിയിച്ചിരുന്നു.
തക്കം നോക്കി പക വീട്ടുന്ന സ്വഭാവമാണ് ദിലീപിനെന്ന്
അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന് ഇന്നലെ വാദമുഖം തീര്‍ത്തത്.
തക്കം നോക്കി പക വീട്ടുന്ന സ്വഭാവമാണ് ദിലീപിനുള്ളതെന്നും ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസിനെതന്നെ ഇല്ലാതാക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇതുസംബന്ധിച്ച തെളിവുകള്‍ വ്യക്തമാക്കുന്ന സംഭവങ്ങള്‍ രേഖാമൂലമുള്ള വാദമായി സമര്‍പ്പിക്കുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പറഞ്ഞിട്ടുപോലും പ്രതികള്‍ അനുസരിച്ചില്ലെന്നും പ്രോസിക്യൂഷന് വാദമുയര്‍ത്തി.
ദിലീപിന്റെ സുഹൃത്തും ഹോട്ടലുടമയുമായ ശരത്തുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്ന ദോഹയില്‍ വ്യവസായിയായ ആലുവ സ്വദേശി സലിമിനെ നേരിട്ടെത്തി ദിലീപ് ഭീഷണിപ്പെടുത്തി.
ദിലീപിന്റെ വീട്ടിലെ ഗേറ്റ്മാനായിരുന്ന ദാസന് മൊഴി നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ ഇയാളെ സ്വാധീനിക്കാന്‍ ദിലീപിന്റെ സംഘമെത്തിയെന്ന് ഡിജിപി ടി.എ. ഷാജി ഇന്നലെ വാദത്തിനിടെ വെളിപ്പെടുത്തി.
ബാലചന്ദ്രകുമാറിനോട് നീ സൂക്ഷിക്കണമെന്നും ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നെന്നും ഫോണില്‍ ദാസന് പറഞ്ഞെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് അന്വേഷണസംഘം ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ദാസന് വളരെ മുമ്പേ ദിലീപിന്റെ വീട്ടില്‍നിന്ന് ജോലി മതിയാക്കി പോയയാളാണെന്ന് പ്രതിഭാഗം വാദിച്ചു.
ഒരു റിക്കാര്‍ഡും ഉണ്ടാക്കരുത്
“ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അതെപ്പോഴും ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’ മെന്ന് ഒരു തവണ ദിലീപ് സഹോദരന് ഉപദേശം നല്‍കിയെന്ന് മൊഴിയുള്ളതായും പ്രോസിക്യൂഷന് വാദിച്ചു.
മാത്രമല്ല, “ഒരു വര്‍ഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്, ഒരു റിക്കാര്‍ഡും ഉണ്ടാക്കരുത്, ഫോണ്‍ യൂസ് ചെയ്യരുത്’ എന്ന് സഹോദരന് അനൂപ് പറഞ്ഞതിന്റെ ശബ്ദരേഖയുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിന്റെ കോടതി നടപടികള്‍ക്കിടയില്‍ ഒരുതവണ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സമീപത്തേക്ക് വന്ന് ‘സാറിപ്പോള്‍ കുടുംബവുമൊത്ത് സമാധാനമായി കഴിയുകയാണല്ലേ’ എന്നു പറഞ്ഞിരുന്നു.
അന്ന് കാര്യമായൊന്നും തോന്നിയിരുന്നില്ലെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ദിലീപ് അന്ന് കരുതിക്കൂട്ടി പറഞ്ഞതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടി.
നടിക്കെതിരേ 2013 മുതലുള്ള പകവീട്ടാന്‍ ദിലീപ് 2017 വരെ കാത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ 2017 ലാണ് ഗൂഢാലോചന തുടങ്ങിയത്.
2019 ല്‍ സലിമിനെ ഭീഷണിപ്പെടുത്തിയപ്പോഴും ഇക്കാര്യം പറഞ്ഞത് പ്രതിയുടെ ഈ സ്വഭാവം വ്യക്തമാക്കുന്നുവെന്നും പ്രോസിക്യൂഷന് ആരോപിക്കുന്നു.
ദൃക്സാക്ഷിയുള്ള കേസാണെന്നും വ്യക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഫോണുകളുടെ യാഥാര്‍ഥ്യം മറച്ചുവച്ചു
പ്രതികളുടെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനതകളില്ലാത്ത കേസാണിതെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
പ്രതികള്‍ സഹകരിക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതികള്‍ ഒരുമിച്ച് ഫോണുകള്‍ മാറ്റി.
ഫോണുകളുടെ യാഥാര്‍ഥ്യം മറച്ചുവച്ചു. ദിലീപ് ഫോണുകള്‍ മുംബൈയിലേക്ക് കൃത്രിമം കാട്ടാന്‍ നല്കിയതുതന്നെ മതിയായ തെളിവാണ്.
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ പ്രതിയാണ്. ഈ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുക്കണം.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയം ഇല്ല. എഡിജിപിയാണ് ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
സാക്ഷികളെ സ്വാധീനിക്കാനുള്ള ശേഷിയും മസില്‍പവറും മണിപവറും പ്രതികള്‍ക്കുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്റെ പക്കലുണ്ട്.
ആരോപണങ്ങളുടെ സ്വഭാവവും കേസിന്റെ ഗൗരവവുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പരിഗണിക്കേണ്ടത്. അറസ്റ്റിനുള്ള വിലക്ക് നീക്കണം.
തെളിവുകളുണ്ട്
കേസ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍നിന്നു കണ്ടെടുത്തെന്ന തരത്തില്‍ വ്യാജമായി തെളിവുകളുണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി.
ഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നല്കിയ ഹര്‍ജിയില്‍ ഇരുകക്ഷികളുടെയും വാദങ്ങള്‍ പൂര്‍ത്തിയായതോടെ ജസ്റ്റീസ് പി. ഗോപിനാഥ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയാനായി മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ദിലീപ് നിര്‍ദേശം നല്‍കിയെന്നത് മൊഴികളില്‍നിന്ന് വ്യക്തമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി പറഞ്ഞു.
ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയാണ്. ഇദ്ദേഹത്തിന്റെ മൊഴികള്‍ വസ്തുതാപരവും സ്ഥിരതയുള്ളതുമാണ്. മൊഴിയെ പിന്തുണയ്ക്കുന്ന ശബ്ദരേഖയടക്കമുള്ള തെളിവുകളുണ്ട്.
ചെറിയ ചില വൈരുധ്യങ്ങളുടെ പേരില്‍ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ല. ആലുവ സ്വദേശിയായ പ്രവാസി വ്യവസായി സലിമിന്റെ മൊഴി വളരെ നിര്‍ണായകമാണ്.
സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹര്‍ജി വിധി പറയാനായി മാറ്റിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന് വാദം നടത്തിയിരുന്നു.
വ്യാജമായി പുതിയ തെളിവുകള്‍ ഓരോ ദിവസവും ഉണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവെ ദിലീപിന്റെ സീനിയര്‍ അഭിഭാഷകന് കെ. രാമന്‍പിള്ള ആരോപിച്ചു.
പ്രോസിക്യൂഷന് ഇത്ര ശത്രുതയെന്തെന്ന് ദിലീപ്
പ്രോസിക്യൂഷന് തന്നോട് ഇത്ര ശത്രുത എന്തെന്ന് മനസിലാകുന്നില്ലെന്ന് ദിലീപ് പറഞ്ഞു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിലും തങ്ങള്‍ തടങ്കലില്‍ എന്ന വണ്ണം ആയിരുന്നു.
പൊലീസുകാര്‍ സൃഷ്ടിച്ച തിരക്കഥയേറ്റു പറഞ്ഞ് ഞങ്ങള്‍ കുറ്റസമ്മതം നടത്താന്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തി. തങ്ങള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു.
മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ ചോദിച്ചില്ല. അവസാന ദിവസം രാത്രിയില്‍ മാത്രം ആണ് ഫോണ്‍ കൊണ്ട് വരണം എന്ന് പറഞ്ഞത്. തെറ്റായ നോട്ടീസ് അയച്ചത് കൊണ്ടാണ് ഞങ്ങള്‍ അത് ഒബ്ജക്റ്റ് ചെയ്തത്.
ചോദ്യം ചെയ്ത സമയത്തും ഫോണുകള്‍ മുംബൈക്ക് കൊണ്ട് പോയ കാര്യം പറഞ്ഞിരുന്നു. രവിപുരത്തെ ഫ്ളാറ്റില്‍ വെച്ച് ഗൂഢാലോചന നടത്തി എന്നുള്ളത് തെറ്റായ വിവരമാണ്.
ശിക്ഷ കൊടുക്കും എന്ന് പറയുന്നത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.