നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കേസില്‍ നടന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അപ്രത്യക്ഷമായ രണ്ട് ഫേസ്ബുക്ക് പേജുകള്‍ മടങ്ങിയെത്തി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റേയും ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ ദിലീപ് ഓണ്‍ലൈന്‍ എന്നീ ഫേസ്ബുക്ക് പേജുകളാണ് തിരിച്ചുവന്നത്. ദിലീപ് അറസ്റ്റിലായതോടെ ഫാന്‍സ് അസോസിയേഷനും അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് വ്യക്തമാക്കി.
കാവ്യയുടെ പേജില്‍ പ്രത്യേക കുറിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും ദിലീപിനെ പൂര്‍ണ്ണമായും ന്യായീകരിച്ചുകൊണ്ടാണ് ദിലീപ് ഓണ്‍ലൈന്റെ പേജ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷപ്പെടരുതെന്ന് അനുശാസിക്കുന്ന ഇന്ത്യ ഭരണഘടനയെ ലംഘിക്കുന്ന വിധം, കുറ്റം ആരോപിക്കപ്പെടുക മാത്രം ചെയ്ത ഒരാളോട് കോടതി കുറ്റക്കാരനെന്ന് വിധിച്ചതുപോലെ പെരുമാറുന്നത് കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്ന് ഫാന്‍സ് ഭാരവാഹികള്‍ പറയുന്നു.
അദ്ദേഹത്തെ കുരുക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ പാതിവഴി പിന്നിട്ട് നില്‍ക്കുന്നത്. ദിലീപ് അഗ്നിശുദ്ധി തെളിയിച്ച് കോടതിയില്‍ നിന്ന് നിരപരാധിയായി തിരിച്ചുവരും. അതുവരെ അദ്ദേഹത്തെ കുറ്റവാളിയെന്ന് വിളിക്കാന്‍ സമൂഹങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ അവകാശമില്ല. ഒരാള്‍ വീണുപോകുമ്പോള്‍ ആഞ്ഞു ചവിട്ടുന്നവരല്ല ചേര്‍ത്ത് പിടിക്കുന്നവരാണ് കൂട്ടുകാര്‍. ആര് തള്ളിപ്പറഞ്ഞാലും ദിലീപിനൊപ്പമുണ്ടാകുമെന്നും ഫാന്‍സ് വ്യക്തമാക്കുന്നു.