കൊച്ചി: കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ഉറപ്പായതോടെ ദിലീപ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് വിവരം. രഹസ്യകേന്ദ്രത്തില്‍ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റു ചെയ്തത്.മുമ്പ് ചോദ്യം ചെയ്തപ്പോള്‍ നടനോട് അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞതോടെ ദിലീപ് ദുബായിലേക്ക് മുങ്ങാന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നടന് ഇന്ത്യവിട്ടാല്‍ പിന്നെ അറസ്റ്റ് നടക്കാതെ പോകും. ദിലീപിനെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും കൂട്ടുനിന്നുവെന്ന പ്രചരണവും ശക്തമാകും. ഈ സാഹചര്യം മുമ്പില്‍ കണ്ട് കളിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് അക്ഷരാര്‍ഥത്തില്‍ ദിലീപിനെ അടപടലം കുരുക്കുകയായിരുന്നു.
പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് യഥാര്‍ഥത്തില്‍ ദിലീപിന് വിനയായത്. പള്‍സറുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്നെന്നത് ആര്‍ക്കും അറിയാമെന്നിരിക്കെയും ദിലീപ് കള്ളം പറഞ്ഞു. ഇത് അപ്പാടെ പൊളിയുകയും ചെയ്തു. ദിലീപിനെ കുടുക്കാന്‍ നിര്‍ണായകമായത് ദിലീപ് ലോക്നാഥ് ബെഹ്റയ്ക്കു നല്കിയ പരാതിയായിരുന്നു.പള്‍സര്‍ സുനിയും ദിലീപും തമ്മിലെ ബന്ധം അന്വഷിച്ചുള്ള യാത്രയാണ് ജയിലിലെ ഫോണ്‍ വിളിവിവാദവും മറ്റും കശ്യപിന്റെ ശ്രദ്ധയിലെത്തിച്ചത്. ജയിലില്‍ നിന്ന് കിട്ടിയ ഓരോ വിവരവും കശ്യപ് അതിസൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഇതിന് പെരുമ്പാവൂര്‍ സിഐയായ ബൈദു പൗലോസിനേയും സമര്‍ഥമായി ഉപയോഗിച്ചു. അത്ര സൂക്ഷ്മതയോടെ കേസിനെ കുറിച്ച് കശ്യപ് പഠിച്ചിരുന്നു.
ഇതിനിടെ കേസിന്റെ മേല്‍നോട്ടം എഡിജിപി സന്ധ്യ ഏറ്റെടുത്തു.അന്വേഷണം അപ്പോഴും ശരിയായ ദിശയില്‍ തന്നെ നീങ്ങി. ചിലയിടത്തു നിന്നും അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായെങ്കിലും. നിര്‍ണ്ണായക വിവരങ്ങള്‍ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ശേഖരിച്ചിരുന്നു. ഇതെല്ലാം കോര്ത്തിണക്കുന്നതിനിടെയാണ് ദുബായിലേക്ക് ദിലീപ് കടക്കുന്ന വിവരം പ്രചരിച്ചത്. ചോദ്യം ചെയ്യലിനിടെ ദിലീപുമായി അടുപ്പമുള്ള വ്യക്തിയില്‍ നിന്നാണ് പൊലീസിന് സൂചന ലഭിച്ചത്. ഇതിന് പിറകെ പോയപ്പോള്‍ അതില്‍ സത്യമുണ്ടെന്നും മനസ്സിലായി. ഇതിനിടെ അന്വേഷണ ചുമതല പലര്‍ക്കായി വീതിച്ചു നല്കി. ഇതിന് പിന്നില്‍ ചില സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതോടെ എല്ലാം അവസാനിച്ചുവെന്നും ദിലീപ് രക്ഷപ്പെട്ടുവെന്നും പ്രചരണം സജീവമായി. എന്നാല്‍ ബൈജു പൗലോസിന് അപ്പോഴും ചില നിര്‍ണ്ണായക ചുമതലകള്‍ കശ്യപ് നല്‍കിയിരുന്നു. ഇത് അതീവ രഹസ്യമായി തന്നെ ബൈജു പൗലോസ് നിര്‍വ്വഹിച്ചു. ഇതിനിടെയാണ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ കിട്ടുന്നത്.
പിന്നീട് ബൈജുവിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി മണിമണി പോലെ കാര്യങ്ങള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പോലീസ് ദിലീപിനോട് ആലുവ പൊലീസ് ക്ലബ്ബിന് പുറത്തുള്ള സ്ഥലത്തേക്ക് എത്താന്‍ നിര്‍ദ്ദേശിച്ചത്. മാധ്യമ ശ്രദ്ധ ഒഴിവാക്കാനാണിതെന്നും ചില കാര്യങ്ങള്‍ തിരക്കാനാണെന്നും പൊലീസ് പറഞ്ഞത് ദിലീപ് വിശ്വസിച്ചു. ഞായറാഴ്ച രാത്രിയോടെ ദിലീപ് രഹസ്യ കേന്ദ്രത്തിലെത്തി. അപ്പോള്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലായിരുന്നു പള്‍സര്‍ സുനിയുണ്ടായിരുന്നത്. ദിലീപെത്തിയതോടെ അതീവ രഹസ്യ കേന്ദ്രത്തിലേക്ക് പള്‍സര്‍ സുനിയേയും എത്തിച്ചു. മാധ്യമങ്ങളിലേക്ക് രഹസ്യ കേന്ദ്രം ഏതെന്ന് അറിയാതിരിക്കാന്‍ പൊലീസ് അതീവ ശ്രദ്ധ പുലര്‍ത്തി. പള്‍സര്‍ സുനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി എന്നു പോലും സംശയം എത്തി.
ഇതെല്ലാം ദിലീപ് കസ്റ്റഡിയിലുണ്ടെന്ന് പുറം ലോകം അറിയാതിരിക്കാനുള്ള നീക്കമായിരുന്നു. പള്‍സര്‍ സുനിയെ മാറ്റിയ സ്ഥലം തേടി മാധ്യമങ്ങളെത്തിയാല് പൊലീസില്‍ സമ്മര്‍ദ്ദം കൂടും. ദിലീപ് അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവരും. തെളിവെടുപ്പും കുറ്റസമ്മതവും പൂര്‍ത്തിയാകാതെ ഈ വാര്‍ത്ത പുറത്തുവന്നാല്‍ വീണ്ടും ദിലീപിനെ വെറുതെ വിടേണ്ട സാഹചര്യം ഉണ്ടാകുമൊയിരുന്നു. ഇത് മറികടക്കാനായിരുന്നു ഈ നീക്കം. പള്‍സര്‍ സുനിയ്ക്കൊപ്പമിരുന്നുള്ള ചോദ്യം ചെയ്യലാണ് ദിലീപിനെ വെട്ടിലാക്കിയത്. ഇതോടെ സത്യം പുറത്തായി. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ദിനേന്ദ്ര കശ്യപിന്റെ വാദങ്ങള്‍ ഡിജിപി ലോക്നാഥ് ബെഹ്റയും അംഗീകരിച്ചു.
വമ്പന്‍ സ്രാവായ ദിലീപ് കൈവിട്ടു പോയാല്‍ അടിമുടി നാണക്കേടില്‍ മുങ്ങിയിരിക്കുന്ന പോലീസ് ആകെ നാറുമെന്ന കശ്യപിന്റെ വിലയിരുത്തല്‍ ഏവരും അംഗീകരിച്ചു. ഒടുവില്‍ അറസ്റ്റു രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങള്‍ പോലും വിവരമറിഞ്ഞത്. ആദ്യം അഭ്യൂഹമുണ്ടായെങ്കിലും ഡിജിപി ലോക്നാഥ് ബെഹ്റയുടെ സ്ഥിരീകരണത്തോടെ എല്ലാം വ്യക്തമായി.