കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു പ്രത്യേക പരിഗണന നല്കുന്ന സാഹചര്യം പ്രോത്സാഹിപ്പിക്കാനാകില്ലെന്നു ഹൈക്കോടതി. പ്രതികള്‍ക്ക് കോടതി പ്രത്യേക പരിഗണന നല്‍കുന്നതായി ആക്ഷേപമുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. പ്രത്യേക പരിഗണന നൽകിയാൽ നാളെ അത് കീഴ്വഴക്കമാകാൻ സാധ്യതയുണ്ടെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ പരിഗണിക്കാനായി മാറ്റി.
ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണില്‍നിന്നു 2,075 കോളുകള്‍ വിളിച്ചിരുന്നുവെന്നും 2021 ജനുവരി 21 മുതല്‍ ഓഗസ്റ്റ് 31 വരെ 221 ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഹാജരാക്കിയ ഫോണുകളില്‍ ദിലീപിന്റെ വിവോ ഫോണ്‍ ഉണ്ടോയെന്ന് പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.
വിവോ ഫോണ്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ നോട്ടീസില്‍ ഐഎംഇഐ നമ്പറിലെ രണ്ടക്കം തെറ്റിപ്പോയിരുന്നു. ഇന്നലെ പിഴവു തിരുത്തിയ പ്രോസിക്യൂഷന്, ദിലീപ് ഈ ഫോണ്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു.