കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയുമെന്നു നടൻ ദിലീപ് സമ്മതിച്ചിട്ടില്ലെന്നു പോലീസ്. പൾസർ സുനിയുമായി താൻ ഒരിക്കലും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നുമാണു ദിലീപ് ആവർത്തിക്കുന്നതെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.
സുനിയെ കണ്ടതിന്റെ തെളിവുകൾ കാണിച്ചു ചോദ്യം ചെയ്യുന്പോൾ മറുപടി നൽകാതെ ദിലീപ് നിസ്സഹകരിക്കുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങൾ, ഹോട്ടൽ ബിൽ കോപ്പി, മറ്റു രേഖകൾ എന്നിവ നിരത്തിയാണു സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതായി പോലീസ് സമർഥിക്കുന്നത്. എന്നാൽ സുനിയെ അറിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദിലീപ്.
കേസിൽ നിർണായക തെളിവായ, നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വ്യാപാരസ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ മെമ്മറി കാർഡിന്റെ പകർപ്പാണ് ലഭിച്ചതെന്നും പോലീസ് കോടതിയെ അറിയിച്ചു.