ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത്! റായ് ലക്ഷ്മിയുടേത് ഇരട്ടത്താപ്പെന്ന ആരോപണവുമായി ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

കുഞ്ഞ് ജനിച്ചപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ നേര്‍ന്ന് ട്വിറ്റര്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച റായ് ലക്ഷ്മിയ്‌ക്കെതിരെ ആരോപണവുമായി ദിലീപ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. മലയാളത്തിലെ നായികമാര്‍ക്കുപോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. എന്നിട്ടാണിപ്പോള്‍ അവര്‍ ദിലീപിനെതിരെ സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നതെന്നും ഇത് അവരുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കുഞ്ഞ് പിറന്നതിന് ദിലീപിനും കാവ്യ മാധ്യവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കടുത്ത ഭാഷയില്‍ റായ് ലക്ഷ്മി വിമര്‍ശിച്ചിരുന്നു. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെയാണ് ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവര്‍ പ്രതികരിച്ചത്.

Related posts