കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളിൽ വിശദീകരണം നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. 17ന് ഇവ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരുന്നതെങ്കിലും കൂടുതൽ സമയം അനുവദിക്കണമെന്നു പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. നാളെ പ്രോസിക്യൂഷൻ സമർപ്പിക്കുന്ന വിശദീകരണത്തിൽ ദിലീപിനെതിരേയുള്ള എല്ലാ തെളിവുകളും പോലീസ് ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ താരത്തിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദിലീപും കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയും തമ്മിൽ കണ്ടതിന്റെ തെളിവായി ഇവർ ഒരേ സ്ഥലത്തുള്ളതിന്റെ ശാസ്ത്രീയ തെളിവായ ടവർ ലൊക്കേഷൻ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.
കൂടാതെ, ചില സാക്ഷി മൊഴികളും ഇതിനെ സാധൂകരിക്കുന്ന രീതിയിൽ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. താരത്തിനെതിരേ ശക്തമായ തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോടു പ്രതികരിച്ചു.
പോലീസ് തലപ്പത്തെയും സിനിമ മേഖലയിലെയും ചില ഉന്നതർക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയിൽ രണ്ടാം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയെ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ദിലീപ് വാദിക്കുന്നു. രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഏറെ സ്വാധീനമുള്ള ചിലർ തനിക്കെതിരേ ഗൂഢാലോചന നടത്തിയതായും ദിലീപ് ആരോപിക്കുന്നു.