കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരേ ഗുരുതര ആരോപണങ്ങളുമായി ദിലീപ് ഹൈക്കോടതിയിൽ. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ദിലീപിന്‍റെ അഭിഭാഷകൻ ശ്രീകുമാർ മേനോനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോന് ദിലീപിനോട് ശത്രുതയുണ്ടാകാൻ കാരണങ്ങളുണ്ടെന്നാണ് ദിലീപിന്‍റെ അഭിഭാഷകൻ വാദിക്കുന്നത്.
ശ്രീകുമാർ മേനോന്‍റെ കന്നി ചിത്രമായ ഒടിയൻ ഇല്ലാതാക്കാൻ താൻ ശ്രമിച്ചുവെന്നാണ് ദിലീപ് വിശ്വസിക്കുന്നത്. ഇതാണ് തന്നോട് വിരോധം തോന്നാൻ കാരണം. മുംബൈയിൽ നിന്നുള്ള ഒരു പരസ്യ കന്പനിയാണ് തനിക്കെതിരേ മാധ്യമങ്ങളിൽ വന്ന പ്രചരണങ്ങൾക്ക് പിന്നിലെന്ന് ദിലീപ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതും ശ്രീകുമാർ മേനോനെ ലക്ഷ്യം വച്ചായിരുന്നു. ദിലീപിനെ ഒഴിവാക്കി ഒരു പ്രമുഖ ബ്രാൻഡിന്‍റെ പരസ്യ മോഡലായി മഞ്ജു വാര്യരെ കൊണ്ടുവന്നതും ശ്രീകുമാർ മേനോൻ ഇടപെട്ടാണ്. വിവാഹ മോചനം നേടുന്നതിന് മുൻപ് തന്നെ ശ്രീകുമാർ മേനോന്‍റെ പരസ്യ ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചിരുന്നുവെന്നും ദിലീപിന്‍റെ അഭിഭാഷകൻ രാമൻപിള്ള വാദിച്ചു.
ഭരണമുന്നണിയിലെ പ്രമുഖനായ നേതാവിന്‍റെ മകനുമായി ശ്രീകുമാർ മോനോന് ബിസിനസ് ബന്ധങ്ങളുണ്ട്. ഇതുവഴിയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. തന്‍റെ ചലച്ചിത്ര ഭാവി തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ആരോപണങ്ങൾക്കും കേസിനും പിന്നിലെന്നാണ് ദിലീപിന്‍റെ വാദം. എന്നാൽ ദിലീപിന്‍റെ വാദങ്ങൾ എല്ലാം തള്ളുന്ന പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുകയാണ്.