കൊച്ചി: സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം മരട് ക്രൗണ് പ്ലാസ ഹോട്ടലിൽ തുടങ്ങി. നടി ആക്രമണത്തിന് ഇരയായ കേസിൽ സത്യം തെളിയേണ്ടതു തന്റെകൂടി ആവശ്യമെന്നു നടൻ ദിലീപ് പറഞ്ഞു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെടുവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട് പറയാനുള്ളതു മുഴുവൻ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയും സുഹൃത്തുക്കളുംതന്നെ ഭീഷണിപ്പെടുത്തിയെന്ന് അമ്മയുടെ ട്രഷറർ കൂടിയായ ദിലിപ് പോലീസിൽ പരാതി നൽകിയതും അദ്ദേഹത്തെ ഇന്നലെ പന്ത്രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തതും മൊഴിയെടുത്തതും സംഘടനയ്ക്കുള്ളിൽ ചർച്ചയാവും.
ആലുവ പോലീസ് ക്ലബ്ബിൽനിന്നു എത്താൻ സാധിക്കാത്തതിനാൽ ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ദിലീപിനു പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, അമ്മയുടെ അംഗങ്ങളായിട്ടുള്ള വനിതകൾ വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചതിനാൽ അവർ ഈ വിഷയത്തിൽ ജനറൽ ബോഡിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ പരിഗണിക്കാതിരിക്കാനും അമ്മയ്ക്കു കഴിയില്ല.
നടി മഞ്ജു വാര്യർ യോഗത്തിൽ പങ്കെടുക്കില്ലെന്നു അറിയിച്ചിരുന്നു. അതേസമയം, ഇന്നലെ ചെന്നൈയിലായതിനാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുക്കാതിരുന്ന രമ്യ നന്പീശൻ ജനറൽ ബോഡി യോഗത്തിൽ എത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യകരമായ ചർച്ചയുണ്ടാവുമെന്ന പ്രതീക്ഷയുണ്ടെന്നാണ് അവർ പ്രതികരിച്ചത്.
സിനിമയിലെ വനിതകൾ ഉണ്ടാക്കിയ സംഘടന അമ്മയുടെ ബദൽ സംഘടനയല്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമ്മയിൽ ചർച്ചയാകുമെന്നും രമ്യ പറഞ്ഞു. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് കെ.ബി. ഗണേശ് കുമാർ, ജനറൽ സെക്രട്ടറി മമ്മൂട്ടി, സിദിഖ് എന്നിവർ യോഗത്തിൽ എത്തിയിട്ടുണ്ട്.