സി. അനിൽകുമാർ
പാലക്കാട്: തായന്പകയിൽ താളലയം തീർത്ത് പുരുഷാരത്തെ മുഴുവൻ ആസ്വാദനത്തിന്റെ പരകോടിയിലെത്തിക്കുന്ന വാദ്യകലാകാരൻ ഡോ. ശുകപുരം ദിലീപ് തായന്പകയിൽ പുതിയ പരീക്ഷണം തീർക്കുന്നു. ചതുരമിശ്ര പതികാലം എന്ന പുതിയ തായന്പകയുടെ കന്നിയരങ്ങിനു 30ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി പുത്തനാൽക്കൽ ക്ഷേത്രം വേദിയാകും.
തായന്പകയിൽ 101 മണിക്കൂർ പിന്നിട്ട് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ ശുകപുരം ദിലീപിന്റെ പുതിയ പരീക്ഷണത്തിനും വാദ്യകലാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാദ്യകലയിൽ ഇതിനകം വിജയകരമായി നിർവഹിച്ച പരീക്ഷണങ്ങൾതന്നെയാണ് പുതിയ സംരംഭത്തിനും പ്രചോദനം.
ചെന്പടയിൽ വികസിക്കുന്ന പതികാലമാണ് തായന്പകയുടെ പരന്പരാഗത രൂപഘടന. ഇതിലെ പതികാലത്തെ മിശ്രതാളത്തിൽ വിന്യസിക്കുകയാണ് പുതിയ ശൈലിയിൽ (ചതുരമിശ്ര പതികാലം) ഈ കലാകരൻ ചെയ്യുന്നത്. അതേസമയം തായന്പകയിലെ ശൈലീബദ്ധതകൾ വേറിട്ടുപോകാതെ പരിരക്ഷിക്കുകയും ചെയ്യുന്നു. പതിവുശൈലിയുള്ള കൂറുകൾക്കു പകരം കുണ്ടനാച്ചി എന്ന കേരളീയ താളത്തിലാണ് അദ്ദേഹം ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വലിയ പതികാലം, ദ്വാദശകൂറ്, പതിഞ്ഞ ചന്പക്കൂറ് തുടങ്ങി തായന്പകയുടെ രൂപഘടനയിൽ പല കൂട്ടിച്ചേർക്കലുകളാണ് അദ്ദേഹത്തിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. താളബോധവും സാധകത്തികവും ഭാവനയുമുള്ള വാദ്യകലാകാരനേ ഇത്തരമൊരു പരീക്ഷണത്തിനു കഴിയൂ.
ഈ പരീക്ഷണമാണ് കുണ്ടനാച്ചി എന്ന കൂറ് രൂപപ്പെടുത്തുന്നതിലേക്ക് എത്തിയത്. ഈ കൂറിലൂടെയാണ് 30-ാം തീയതിലെ തായന്പക പുരോഗമിക്കുക. പതിഞ്ഞ താളത്തിലുള്ള ചെന്പട, ചന്പ, അടന്ത കൂറുകൾ എന്നിവ സ്വന്തമായ ശൈലിയിൽ തായന്പകയിൽ പ്രയോഗിക്കുന്നതു ദിലീപിന്റെ മേളപ്രകടനത്തിന്റെ പ്രത്യേകതയാണ്.
കല്ലൂർ രാമൻകുട്ടിമാരാർ, ചെർപ്പുളശേരി ശിവൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ബലരാമൻ തുടങ്ങി ആചാര്യൻമാരുടെ സാന്നിധ്യത്തിലാണ് പ്രകടനം. നാദബ്രഹ്മം എന്ന വാദ്യസംഘടനയാണ് ചതുരമിശ്ര തായന്പക സംഘടിപ്പിക്കുന്നത്. വൈകുന്നേരം മൂന്നിനു മുൻ ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ നന്പൂതിരി ദീപം തെളിയിക്കും. കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനവും നിർവഹിക്കും.