ഒടുവില്‍ ലിബര്‍ട്ടി ബഷീറും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും കീഴടങ്ങി. നടനും നിര്‍മാതാവും തിയറ്റര്‍ ഉടമയുമായ ദിലീപിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ഇടപെടലാണ് ബഷീറിനെയും കൂട്ടരെയും സമരം നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു. ജനുവരി 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമരം പൊളിയുമെന്ന് ഉറപ്പായതോടെയാണ് സംഘടന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
വിജയ് നായകനായ തമിഴ് ചിത്രം ഭൈരവ എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗങ്ങളായിരുന്ന 73 തിയറ്ററുകളില്‍ പ്രദേശിപ്പിച്ചിരുന്നു. ഇതു ഫെഡറേഷന്റെ നീക്കത്തിന് തിരിച്ചടിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടനും ഡി സിനിമാസ് തിയറ്റര്‍ ഉടമയുമായ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും സെന്‍ട്രല്‍ പിക്ചേഴ്സ്, ഇവിഎം, മുത്തൂറ്റ് ഗ്രൂപ്പ് തുടങ്ങി നിരവധി തിയറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മാതാക്കളും ചേര്‍ന്നു പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഇന്നു കൊച്ചിയില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ചേരുന്ന ആലോചന യോഗത്തിനുശേഷം പുതിയ സംഘടന പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.
ദിലീപിന്റെ കാര്‍മികത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലെക്സ് ഉടമകള്‍, സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്, തിയറ്റര്‍ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നു പുതിയ സംഘടനയുണ്ടാക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അവര്‍ ഇന്നു യോഗം ചേര്‍ന്നു സംഘടന പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. മുന്നൂറിലേറെ തിയറ്ററുകളുള്ള ഫെഡറേഷനില്‍ നിന്നു കൂടുതല്‍ തിയറ്റര്‍ ഉടമകള്‍ തങ്ങള്‍ക്കൊപ്പം വരുമെന്നു നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നു. വരുന്ന ആഴ്ചകളില്‍ സത്യന് അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്ര, സിദ്ദീഖിന്റെ ജയസൂര്യ ചിത്രം ഫുക്രി എന്നിവ കൂടി റിലീസ് ചെയ്യുന്നതോടെ കൂടുതല്‍ തിയറ്ററുകള്‍ ഫെഡറേഷന് വിട്ടുവരുമെന്നാണ് അവരുടെ പ്രതീക്ഷ. തിയറ്ററുകളില്‍നിന്നുള്ള വരുമാന വിഹിതത്തില്‍ പങ്ക് 40ല്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു ഫെഡറേഷന് പ്രഖ്യാപിച്ചതാണു പ്രതിസന്ധിക്കു കാരണമായത്.