ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍നിന്നും ഏഴുലക്ഷം രൂപ കവര്‍ന്ന ത്രിപുര സ്വദേശിയായ ജീവനക്കാരന്‍ പിടിയിലായി. കാമുകിയെ കല്യാണം കഴിക്കാന്‍ വേണ്ടിയായിരുന്നു ഇയാളുടെ തന്ത്രപൂര്‍വമായ മോഷണം. അതിലും തന്ത്രപരമായിട്ടായിരുന്നു പോലീസ് ഇയാളെ പൊക്കിയത്. ത്രിപുര കോവൈ ജില്ലയിലെ തേലയാമുറ മഹാറാണിപൂര്‍ സ്വദേശി മിത്തന്‍ സഹാജി(26)നെയാണ് തൃശൂര്‍ റൂറല്‍ എസ്പി ആര്‍.നിശാന്തിനി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ എസ്‌ഐ കെ.ഡി.ലോനപ്പനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ത്രിപുരയിലെ ബംഗ്ലാദേശ് അതിര്‍ത്തിഗ്രാമമായ ലെസുച്ചെരയില്‍ എത്തിയാണ് പോലീസ് സഹാജിയെ ത്രിപുര പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 29നാണ് മോഷണം നടന്നത്. ക്ലീനിംഗ് തൊഴിലാളിയായ ഇയാള്‍ പുലര്‍ച്ചെ രണ്ടുമണിക്ക് ജോലി കഴിഞ്ഞു പോകുമ്പോള്‍ പുറത്തേക്കുള്ള വാതിലിന്റെ കുറ്റി തുറന്നിട്ടു. താമസസ്ഥലത്തു പോയി കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന് തിയേറ്ററിന്റെ മതില്‍ ചാടിക്കടന്ന് നേരത്തെ തുറന്നിട്ടിരുന്ന വാതിലിലൂടെ അകത്തുകടന്ന് ഓഫീസിന്റെ പൂട്ടുകള്‍ തകര്‍ത്തു പണം അപഹരിക്കുകയായിരുന്നു. മോഷണശേഷം ഇയാള്‍ ബസില്‍ ആലുവയില്‍ എത്തുകയും ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് രക്ഷപ്പെടുകയുമാണുണ്ടായത്. മോഷണം നടന്നശേഷം മിത്തന്‍ സഹാജിയെ കാണാതായതിനെതുടര്‍ന്ന് മോഷണം നടത്തിയത് ഇയാളാണെന്നു പോലീസിനു വ്യക്തമായി. തുടര്‍ന്ന് ഇയാളോടൊപ്പം ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു.
പോലീസ് സംഘം ചെന്നൈയിലേക്ക് എത്തിയപ്പോഴേക്കും ഇയാള്‍ ആസാമിലെ ഗോഹട്ടിയിലേക്ക് കടന്നു. ഇവിടെ നിന്നും മൂന്നു ദിവസത്തിനുശേഷം ത്രിപുരയിലെത്തി. അവിടെവച്ച് കാമുകിയെ വിവാഹം കഴിച്ച് മധുവിധു ആഘോഷിച്ചു നടക്കുകയായിരുന്നു. ഇതിനിടയില്‍ പോലീസ് ഇയാളുടെ സ്വദേശമായ തേലിയംമുറ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മുഖേന അന്വേഷണം നടത്തിയപ്പോള്‍ ഇയാളുടെ മുന്‍കാല ഫോണ്‍ ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. ഈ അന്വേഷണത്തിലാണ് കാമുകിയെക്കുറിച്ച് അറിവ് ലഭിച്ചതെന്ന് പോലീസ് രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു.
ഇതിനിടയില്‍ കേരള പോലീസ് അന്വേഷിക്കുന്നതായി സുഹൃത്തുക്കളില്‍നിന്നും വിവരം ലഭിച്ചതിനെതുടര്‍ന്ന് 60 കിലോ മീറ്റര്‍ അകലെ ബംഗ്ലാദേശ് അതിര്‍ത്തിഗ്രാമമായ ലെസുച്ചെര എന്ന സ്ഥലത്തു വീട് വാടകയ്ക്ക് എടുത്ത് ഭാര്യയോടൊപ്പം താമസം മാറ്റി. മോഷ്ടിച്ച ലക്ഷക്കണക്കിനു രൂപ സൂക്ഷിച്ചുവച്ച് അതില്‍ നിന്നും കുറേശെ പണം എടുത്ത് ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു.
നാട്ടുകാര്‍ക്ക് ഇടയ്ക്കിടെ 500ന്റെ നോട്ടെടുത്ത് വെറുതെ കൊടുത്ത് സ്‌നേഹം പിടിച്ചുപറ്റിയിരുന്നു. കൂടാതെ ചൂതാട്ടത്തിനും പണം ചെലവഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. അന്വേഷണസംഘം ത്രിപുരയിലെത്തി ഒരാഴ്ചയോളം ക്യാമ്പ് ചെയ്ത് വേഷം മാറി സഞ്ചരിച്ചാണ് പ്രതിയെ പിടികൂടിയത്. ത്രിപുര പോലീസിനോടൊപ്പം രാത്രിയില്‍ വീട് വളഞ്ഞാണ് ഇയാളെ പോലീസ് കുരുക്കിയത്. ത്രിപുര സിജെഎം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങി പ്രതിയുമായി കേരളത്തിലെത്തിയ അന്വേഷണസംഘം ചാലക്കുടി കോടതിയില്‍ ഹാജരാക്കി. തുടര്‍അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡി സിനിമാസില്‍ കൊണ്ടുപോയി തെളിവ് ശേഖരിച്ചു. തിയേറ്റര്‍ ഉടമ ദിലീപും തെളിവെടുപ്പുസമയത്ത് എത്തിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി പി.വാഹിദ്, സിഐ എം.കെ.കൃഷ്ണന്‍, എസ്‌ഐ. ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.സതീശന്‍, ടി.ജി.മനോജ്, സിപിഒമാരായ പി.എസ്.അജിത്കുമാര്‍, വി.യു.സില്‍ജോ എന്നിവരും ഉണ്ടായിരുന്നു.