സ്വന്തം ലേഖിക
കോഴിക്കോട്: ഒരു രാത്രി, ശ്വാസമടക്കിപിടിച്ച് കേരളത്തിലെ വീട്ടമ്മമാർ കാത്തിരുന്നത് ജനപ്രിയ സീരിയലുകൾ കാണാനായിരുന്നില്ല. ജനപ്രിയ നായകന്റെ വിധി അറിയാനായിരുന്നു. താരസംഘടനയായ “അമ്മ’യിൽ നിന്ന് മാത്രമല്ല ലക്ഷകണക്കിന് അമ്മമനസുകളിൽ നിന്നുമാണ് ഒടുവിൽ നടൻ ദിലീപിന് പടിയിറങ്ങേണ്ടി വന്നത്. അന്നും ഇന്നും എന്നും ദിലീപ് സിനിമകൾ വിജയിച്ചിട്ടുണ്ടെങ്കിൽ അതിന് പിൻബലം കുടും ബസദസ്സുകൾ മാത്രമായിരുന്നു. ആ മനസുകളിലേക്കാണ് അറസ്റ്റ് വാർത്ത തീപ്പൊരിപോലെ വീണത്.
ദീലിപിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത പുറത്തുവന്നതോടെ സീരിയലുകൾ പോലും ഉപേക്ഷിച്ചാണ് വീട്ടമ്മമാർ ടിവി ന്യൂസ് ചാനലുകൾക്ക് മുന്നിലിരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ദിവസത്തെ ചാനൽ റേറ്റിംഗിൽ സീരിയലുകളെ കവച്ചുവച്ച് ന്യൂസ് ചാനലുകൾ മുന്നിൽ നിന്നു. തങ്ങളുടെ പ്രിയതാരമാണ് നടിയെ അക്രമിച്ച ക്രൂരതയ്ക്ക് പിന്നിലെന്ന വാർത്ത സത്യമാണെന്ന് തിരിച്ചറിയാൻ പലർക്കും മണിക്കൂറുകൾ വേണ്ടിവന്നു. ഇതിന് മുൻപും സോഷ്യൽ മീഡിയകൾ പല താരങ്ങളെയും അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു അമ്മമാരുടെ ആദ്യ പ്രതികരണം. എന്നാൽ പിന്നെ കാര്യങ്ങൾ വ്യക്തമാകാൻ തുടങ്ങിയതോടെ അവരുടെചിരി മാഞ്ഞു. “”ആ ചാനലിൽ എഴുതിയതൊന്നു വായിച്ചതുന്നേടാ..”
എന്നു ചോദിക്കുന്ന പ്രായമായവരും ഈ വാർത്ത വീടുകൾക്കുള്ളിൽ സൃഷ്ടിച്ച പ്രകന്പനം വെളിവാക്കുന്നതായി. എന്നാൽ ഒരു വിഭാഗം വീട്ടമ്മമാർ ദിലീപാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് വിശ്വസിക്കാൻ ഇപ്പോഴും തയ്യാറല്ല. ബിഗ് സ്ക്രീനിലൂടെ കുടുംബത്തിലൊരാൾ എന്ന ഇമേജ് നേടിയെടുത്ത ദിലീപ് ഒരിക്കലും ഒരു സഹപ്രവർത്തകയ്ക്കെതിരെ ഇത്തരത്തിൽ ഗൂഢാലോചന നടത്തില്ലെന്നും ദിലീപിനെ കുടുക്കിയതാണെന്നുമാണ് ഇവരുടെ പ്രതികരണം.
മിമിക്രിയിൽ തുടങ്ങി പിന്നീട് തമാശകളുടെ ചുവടുപിടിച്ച് മലയാളത്തിലെ മുൻനിര താരരാജാവായി മാറിയ ദിലീപിന്റെ എക്കാലത്തെയും സഥിരം പ്രേക്ഷകരായിരുന്നു കുട്ടികളും സ്ത്രീകളും. അകക്കാന്പില്ലാത്തതും വലിയ മുടക്കുമുതൽ ഇല്ലാത്തതുമായ ദിലീപ് ചിത്രങ്ങൾ പോലും ലാഭം വാരിക്കൂട്ടിയത് ജനപ്രിയനായകൻ എന്ന ഇമേജിലൂടെ തന്നെയാണ്. താരത്തിൽ നിന്നും നിർമ്മാതാവ്, വിതരണം, തിയറ്റർ ഉടമ, ഹോട്ടൽ ബിസിനസ് എന്നിങ്ങനെ നിരവധി വേഷങ്ങളിൽ തിളങ്ങാൻ ദിലീപിന് പിൻബലം നൽകിയതും കുടുംബങ്ങളിൽനിന്നും ലഭിച്ച ഈ സ്വീകാര്യതയാണ്.
ഒരിക്കൽ പോലും കുടുംബത്തിൽ കയറ്റാൻ കൊള്ളാത്ത സിനിമ ഇദ്ദേഹം ചെയ്തിട്ടില്ലെന്ന് വീട്ടമ്മമാർ പറയുന്നു. ദിലീപിന്റെ അറസ്റ്റോടെ കേസ് അവസാനിക്കുന്നില്ലെന്നും സിനിമയിൽ പലരുടെയും മുഖംമൂടികൾ അഴിഞ്ഞുവീഴാനുണ്ടെന്നുമുള്ള പോലീസിന്റെ പ്രസ്താവനയും വന്നതോടെ കുടുംബങ്ങൾ ഒന്നടങ്കം ന്യൂസ് ചാനലുകൾക്ക് മുന്നിൽതന്നെയാണ്. സീരിയലുകളെ വെല്ലുന്ന സംഭവവികാസങ്ങൾ അരങ്ങ് തകർക്കുന്പോൾ കണ്ണീർ സീരിയലുകൾക്ക് ഇനി കുറച്ചുദിവസം വിശ്രമം.