കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ദിലീപ് ഹൈക്കോടതിയിൽ അറിയിച്ചു. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി പരിഗണിക്കവെയാണ് പ്രതിഭാഗം ദൃശ്യങ്ങളിൽ കൃത്രിമത്വമുണ്ടെന്ന വാദം ഉയർത്തിയത്. ദൃശ്യങ്ങൾ അടങ്ങിയ സിഡി സീൽ ചെയ്ത കവറിൽ അല്ല പോലീസ് കോടതിയിൽ സമർപ്പിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
പെൻഡ്രൈവിലെ ഡാറ്റയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രതിഭാഗം അഭിഭാഷകൻ. ഇയർ ഫോൺ വച്ചാൽ പോലും വീഡിയോയിലെ ശബ്ദങ്ങൾ വേർതിരിച്ചു കേൾക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. പ്രതിഭാഗം അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാണോ ദൃശ്യങ്ങൾ കൈമാറാത്തതെന്നും അഭിഭാഷകൻ ആരാഞ്ഞു.
സന്തോഷ് മാധവൻ കേസിൽ പോലും ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകിയിരുന്നുവെന്നും അതിനാൽ ദൃശ്യങ്ങള്‍ നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അതേസമയം പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ലെന്നും. ദൃശ്യങ്ങളിൽ ദിലീപ് ചൂണ്ടിക്കാണിക്കുന്നതുപോലുള്ള സ്ത്രീ ശബ്ദമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടി ആക്രമണത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ അഭിഭാഷകൻ എട്ട് പ്രാവശ്യം കണ്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി കേസിലെ വിചാരണ നീട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.