കൊച്ചി: ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാൻ സിനിമാ പ്രവർത്തരുടെ തിരക്ക്. അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്തിറങ്ങി തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച നടൻമാരായ വിജയരാഘവൻ, നന്ദു, നിർമാതാക്കളായ രഞ്ജിത് രജപുത്ര, എവർഷൈൻ മണി എന്നിവർ ദിലീപിനെ കാണാൻ ആലുവ ജയിലിലെത്തി. ദിലീപ് അടുത്ത സുഹൃത്തായതിനാലാണ് കാണാൻ പോയതെന്നും ആക്രമണത്തിനിരയായ നടിയെ കാണാൻ താൻ പോയിട്ടുണ്ടെന്നും രജപുത്ര രഞ്ജിത് പ്രതികരിച്ചു.
ഉത്രാട, തിരുവോണ, അവിട്ട ദിനങ്ങളിൽ നിരവധി പേർ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലാകുന്നത് ജൂലൈ 10നാണ്. പിന്നീട് റിമാൻഡിലായി 50 ദിവസം ദിലീപ് ജയിലിൽ പിന്നിട്ടു. ഇതിനിടെ, മൂന്നുവട്ടം ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ കാലയളവിൽ സിനിമാ മേഖലയിലുള്ള പ്രമുഖരാരും ദിലീപിനെ സന്ദർശിക്കാൻ എത്തിയിരുന്നില്ല.
അച്ഛൻറെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി കൊടുത്തതിനു പിന്നാലെ സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിർഷയാണ് ആദ്യം ആലുവ സബ് ജയിലിലെത്തിയത്. ഇതിനു പിന്നാലെ ഭാര്യ കാവ്യാ മാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ അച്ഛൻ എന്നിവർ ഒരുമിച്ചെത്തി ദിലീപിനെ കണ്ടു.
ഉത്രാട ദിനത്തിൽ കലാഭവൻ ഷാജോണ് ആണ് ആദ്യമെത്തിയത്. പിന്നീട് ഹരിശ്രീ അശോകനും ഏലൂർ ജോർജും ജയിലിൽ ദിലീപിനെ സന്ദർശിച്ചു. വൈകുന്നേരത്തോടെ സംവിധായകൻ രഞ്ജിത്തും സുരേഷ്കൃഷ്ണയുമെത്തി. തിരുവോണ ദിനത്തിൽ നടൻ ജയറാം ഓണക്കോടിയുമായാണ് ദിലീപിനെ കാണാനെത്തിയത്. തിരക്കഥാകൃത്ത് ബെന്നി പി. നായരന്പലവും നടൻ സുധീറും ദിലീപിനെ സന്ദർശിച്ചു.
ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘടനമായ അമ്മ, നിർമാതാക്കളുടെ സംഘടനയായ ഫിയോക്, സംവിധായകരുടെ സംഘടനയായ ഫെഫ്ക എന്നീ സംഘടകളിൽനിന്നെല്ലാം പുറത്താക്കിയിരുന്നു. എന്നാൽ, ദിലീപിനെ പുറത്താക്കിയതിനെതിരേ പലരും ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സിനിമാ മേഖലയിലെ പലരും ദിലീപിനെ കാണാനും പിന്തുണ നൽകാനും എത്തുന്നത്.