കൊച്ചി: ഉറ്റചങ്ങാതിയുടെ കുടുംബത്തിനു ആശ്വാസമേകാന്‍ ദിലീപെത്തി. അന്തരിച്ച നടനും മിമിക്രി താരവുമായ അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലേക്കാണ് ദിലീപെത്തിയത്. ദിലീപ് വീട്ടിലെത്തുമ്പോള്‍ അബിയുടെ മകനും യുവതാരവുമായ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ സാന്ത്വന വാക്കുകള്‍ കേട്ടെങ്കിലും ഒന്നു പറയാന്‍ ഷെയിനിന് ആയില്ല. മിമിക്രി കാലം മുതല്‍ ഉറ്റസുഹൃത്തുക്കളാണ് അബിയും ദിലീപും നാദിര്‍ഷയും. ദിലീപ് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയെങ്കിലും അബിയെ സിനിമ തുണച്ചില്ല. അബി അന്തരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. മിമിക്രിയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ദിലീപും അബിയും. ദുബായില്‍ നിന്നെത്തിയ ശേഷമാണ് ദിലീപ് അബിയെ കാണാന്‍ എത്തിയത്.
അബി, നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടിന്റെ ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് 90കളില്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ദിലീപ് വലിയ താരമാകുകയും നാദിര്‍ഷ സംവിധായകനാകുകയും ചെയ്തു. ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയ അബി സിനിമയില്‍ നിന്ന് തന്നെ പിന്‍വാങ്ങി. എങ്കിലും മകന്‍ ഷെയ്ന്‍ നിഗം താരമാകുന്നത് കണ്ടിട്ടാണ് അബിയുടെ മടക്കം. മിമിക്രിയില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും സീനിയര്‍ ആയിരുന്നു അബി. അബിയുടെ ട്രൂപ്പില്‍ അംഗങ്ങളായിരുന്നു ഇവര്‍ രണ്ടുപേരും. മൂവരും ഉറ്റചങ്ങാതിമാരായിരുന്നു. സിദ്ദിഖ്-ലാല്‍ കാലഘട്ടത്തിലെ കലാഭവന്‍ മിമിക്രിക്കു ശേഷം വേദികളെ അത്യാകര്‍ഷിച്ചവര്‍ അബിയും ദിലീപും നാദിര്‍ഷയുമൊക്കെയായിരുന്നു.
താന്‍ പാരഡി ഗാനങ്ങള്‍ എഴുതാന്‍ കാരണക്കാരന്‍ അബിയാണെന്ന് നാദിര്‍ഷ പറഞ്ഞിട്ടുണ്ട്. യാത്രകള്‍ക്കിടയില്‍ സുഹൃത്തുക്കളെ കളിയാക്കാന്‍ പാരഡികള്‍ ഉണ്ടാക്കിയിരുന്നു. ഒരു ദിവസം അബിയാണ് പറഞ്ഞത്, കൂട്ടുകാരുടെ പേരൊക്കെ മാറ്റി ഉപയോഗിച്ച് ഇത് കാസറ്റില്‍ ആക്കാമെന്ന്. പക്ഷേ കാസറ്റ് പുറത്തിറക്കാന്‍ ആരുടെയെങ്കിലും സഹായം വേണമല്ലോ. പലരോടു തിരക്കി നോക്കിയിട്ടും രക്ഷയില്ലാതെ വന്ന സമയത്ത് ബേബി പേട്ട എന്ന മിമിക്രി ട്രൂപ്പ് ഉടമയാണ് സഹായത്തിന് വന്നത്. മിമിക്രി കാസറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ദിലീപും നാദിര്‍ഷയും ചേര്‍ന്നൊരുക്കിയ ഓണത്തിനിടെ പുട്ടു കച്ചവടം.അബിയായിരുന്നു ഇങ്ങനെയൊരു പേര് നിര്‍ദേശിക്കുന്നത്. എറണാകുളം നോര്‍ത്ത് പാലത്തിനടുത്തുള്ള ബിംബീസ് ഹോട്ടലിനു മുന്നില്‍വച്ചാണ് അങ്ങനെയൊരു പേര് രൂപപ്പെടുന്നത്.
ഓണത്തിനൊരു മിമിക്രി കാസറ്റ് ഇറക്കാമെന്ന് ദിലീപും നാദിര്‍ഷയും പറഞ്ഞപ്പോള്‍ തന്റെ വായില്‍ പെട്ടെന്നു വന്ന പേരാണ് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന് അബി പറഞ്ഞിരുന്നു. ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടത്തില്‍ മാവേലിയായി ഇന്നസെന്റാണെങ്കിലും(ശബ്ദം കൊടുക്കുന്നത് ദിലീപും) ആദ്യം മാവേലിയായി ഉദ്ദേശിച്ചത് ജനാര്‍ദ്ദനനെ ആയിരുന്നു. പക്ഷേ അബിയാണ് അത് ഇന്നസെന്റായാല്‍ നന്നാകുമെന്ന് അഭിപ്രായപ്പെടുന്നത്. ദിലീപിനെ ശബ്ദം അനുകരിക്കാന്‍ നിര്‍ദേശിക്കുന്നതും. ദിലീപ് ആ സമയത്ത് വേദികളില്‍ ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ച് കൈയടി വാങ്ങാന്‍ തുടങ്ങിയിരുന്നു. നാദിര്‍ഷാ, അബി, ദിലീപ് കൂട്ടുകെട്ടിന്റെ ദൃഢത എന്താണെന്നു മനസിലാക്കാന്‍ നാദിര്‍ഷ തുടങ്ങിയ കാസ്റ്റ് കമ്പനിയുടെ പേര് മതി. ‘നാദ്’ എന്നായിരുന്നു പേര്. നാദ് എന്നാല്‍ നാദിര്‍ ഷാ, അബി, ദിലീപ്. മൂവരുടെയും പേരുകളുടെ ഇംഗ്ലീഷിലെ ആദ്യാക്ഷരങ്ങള്‍. ഇപ്പോള്‍ അബിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയതോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുകയാണ് ദിലീപ്.