കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരേ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.
പൾസർ സുനിയും ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഫോണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.
പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ച് ദിലീപ് പറയുന്നതിന്റെ കോൾ റിക്കോർഡുള്ള ഫോണാണ് പോലീസ് കോടതിക്ക് കൈമാറിയത്.
ഫോണ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ദിലീപിനെതിരേ തുടരന്വേഷണം നടത്താൻ അനുമതി തേടി പോലീസ് സമർപ്പിച്ച അപേക്ഷ വിചാരണ കോടതി പരിഗണിക്കുന്നതിനിടെയാണ് നിർണായക നീക്കം.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഈ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാർ വാർത്താ ചാനലിനോട് വെളിപ്പെടുത്തിയത്.
ഈ മൊഴി പരിഗണിച്ച് തുടരന്വേഷണം വേണമെന്നും നിലവിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് പോലീസിന്റെ അപേക്ഷ.
അതേസമയം വിചാരണ നിർത്തിവയ്ക്കരുതെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് ഇനി ജനുവരി 20-നാണ് പരിഗണിക്കുന്നത്.