കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി.
സാധാരണഗതിയില്‍ ഗൂഢാലോചനക്കേസുകളില് തെളിവു കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാൽ ഈ കേസില്‍ ദൃക്സാക്ഷിതന്നെ മൊഴിയുമായി രംഗത്തെത്തി.
ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചു. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഉള്‍പ്പെടെ 19 സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഇവയില്‍നിന്നുള്ള തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു കൊച്ചിയിലെ റീജണല്‍ ഫോറന്‍സിക് ലാബില്‍ നല്‍കിയിട്ടുണ്ട്.
സത്യം പുറത്തുകൊണ്ടുവരാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളവരും അന്വേഷണത്തില്‍ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരാണ് പ്രതികള്‍.
ദിലീപിനെ സഹായിക്കുന്ന തരത്തില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രണ്ടു കേസെടുത്തിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു.
വിചാരണക്കോടതിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ നിയോഗിച്ച രണ്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു.
നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ തുടക്കം മുതല്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെല്ലാമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ശരത് ഒളിവിലല്ലെന്ന് സുഹൃത്തുക്കള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയ കേസിലെ ആറാം പ്രതി ആലുവ സ്വദേശി ശരത് ജി. നായര്‍ ഒളിവിലല്ലെന്നും ഇയാൾ ആലുവയിലെ വീട്ടിലുണ്ടെന്നും ശരത്തിന്റെ സുഹൃത്തുക്കള്‍ കൂടിയായ കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിസിഒഎ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ദിലീപ്, ദിലീപ് ആകുന്നതിന് മുന്‍പേ ബിസിനസ് തുടങ്ങിയ ആളാണ് ശരത്. അദ്ദേഹത്തിന്റെ ബിസിനസിനെ വേട്ടയാടരുത്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ശരത് മാധ്യമങ്ങളെ കാണാത്തത്. വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ശരത് ഊട്ടിയിലെ ഹോട്ടലിലായിരുന്നു.
ശരത് പറഞ്ഞിട്ടല്ല തങ്ങളിത് വ്യക്തമാക്കുന്നതെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, ജില്ലാ സെക്രട്ടറി അനൂപ് മഹാദേവ, ജിജോ അഗസ്റ്റിന്, വി.സി. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.