കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ചിത്രങ്ങൾ പകർത്തിയ കേസിൽ പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷന് ഹാജരാക്കിയ ചില തെളിവുകള്‍ അലോസരപ്പെടുത്തുന്നതാണെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുതെന്നും ഇക്കാര്യം ദിലീപ് ഉള്‍പ്പെടെ പ്രതികളെ അറിയിക്കണമെന്നും അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു.
ഇടപെടൽ ഉണ്ടായാൽ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള സംരക്ഷണം റദ്ദാക്കുമെന്ന താക്കീതും നല്കി.
‘ദിലീപിന്റെ ശാപം’
നടിയെ ആക്രമിച്ച കേസിൽ തന്നെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇവരൊക്കെ അനുഭവിക്കുമെന്ന് നടൻ ദിലീപ് പറഞ്ഞത് ശാപവാക്കുകളാണെന്നും ഇതിന്റെ പേരില്‍ ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ലെന്നും ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് അഡ്വ. രാമന്‍പിള്ള ഹൈക്കോടതിയില്‍ വാദിച്ചു.
കള്ളക്കേസില്‍ കുടുക്കിയവര്‍ അനുഭവിക്കുമെന്നു പറഞ്ഞത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണയുടെ അവസാനഘട്ടത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം പുറത്തുവന്നത് ആസൂത്രിതമാണ്.
വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും നടത്തുന്ന തന്ത്രമാണിത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ചില പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളത്. ദിലീപിനെ കൂടുതല്‍ കുടുക്കാനാണ് പുതിയ കേസ് കെട്ടിച്ചമച്ചത്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കു ദിലീപിനോടു വൈരാഗ്യമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെതിരേ ദിലീപ് പരാതി നല്‍കിയശേഷമാണ് പുതിയ കേസെടുത്തത്.
പറഞ്ഞു പഠിപ്പിച്ചപോലെയാണ് ബാലചന്ദ്രകുമാര്‍ കാര്യങ്ങള്‍ പറയുന്നത്. നാലുവര്‍ഷം മുമ്പുള്ള സംഭവമാണ് ഇപ്പോള്‍ പറയുന്നത്.
അഞ്ചു ദിവസം മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമായി ഇതു പ്രചരിച്ചു. ദിലീപിനെതിരേ പൊതുജനാഭിപ്രായമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.